തിരുവനന്തപുരം: തൻ്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ അപകടത്തിൽ താൻ തെറ്റുകാരനല്ലെന്ന് വ്യക്തമായതായി താരം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ നേരിട്ട് സന്ദർശിക്കുമെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ കണ്ടതായും, അതിൽ നിന്ന് തന്നെ കുറ്റക്കാരനാക്കാനാകില്ലെന്നത് വ്യക്തമാകുന്നുവെന്നും നടൻ പറഞ്ഞു. സ്ഥിരമായി സ്വന്തമായി ഡ്രൈവർ ഇല്ലെന്നും, ദീർഘദൂര യാത്രകൾക്കു മാത്രമാണ് ഡ്രൈവറെ ഉപയോഗിക്കാറുള്ളതെന്നും വ്യക്തമാക്കി. പതുക്കെ വാഹനം ഓടിക്കുന്ന ശീലമുള്ള വ്യക്തിയാണെന്നും, വാഹനത്തെ ഏറെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു.
ഒരു അവാർഡ് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് വാഹനം ഇറക്കുമ്പോൾ വഴിയിൽ വാഹനങ്ങൾ വരുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് മുന്നോട്ട് പോയതെന്നും, ക്ലബ്ബിൽ നിന്ന് പുറപ്പെടുമ്പോൾ റോഡ് ശൂന്യമായിരുന്നുവെന്നും താരം വിശദീകരിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ എവിടെ നിന്നാണ് മറ്റൊരു വാഹനം എത്തിയതെന്ന് മനസ്സിലായില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് ഭാഗ്യമാണെന്നും, അത് ഉണ്ടായില്ലായിരുന്നെങ്കിൽ തെറ്റുകാരനായി ചിത്രീകരിക്കപ്പെടുമായിരുന്നു എന്നും നടൻ പ്രതികരിച്ചു. അപകടസമയത്ത് ഏറെ ഭയന്നുപോയതിനെ തുടർന്ന് ഉടൻ വാഹനത്തിൽ നിന്ന് ഇറങ്ങാൻ സാധിച്ചില്ലെന്നും, തുടർന്ന് ക്ലബ്ബിനെയും പിന്നീട് പൊലീസ് സ്റ്റേഷനെയും വിവരം അറിയിച്ചതായും പറഞ്ഞു. വീട്ടിൽ ആരുമില്ലാത്തതിനാൽ രാവിലെ എത്താമെന്ന് അറിയിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട കുട്ടികൾ വേഗം സുഖം പ്രാപിക്കണമെന്നാണ് പ്രാർത്ഥനയെന്നും, അവരെ സന്ദർശിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. ബൈക്കും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, അതിന് നല്ല ചെലവ് വരുമെന്നും താരം കൂട്ടിച്ചേർത്തു.
English Summary: Actor Maniyanpilla Raju said he would have been held responsible if the CCTV footage had been released earlier