Kerala

'പാർട്ടി വിട്ടാൽ സുധാകരൻ വെറും 'ശു'; വിമത സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ എംഎം മണി

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി ദിവസങ്ങൾക്ക് മുൻപാണ് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്

Madism Desk

ഇടുക്കി: മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ ജി. സുധാകരന്റെ പാർട്ടി വിടാനുള്ള തീരുമാനത്തിനോടും തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനങ്ങളോടും പ്രതികരിച്ച് മുതിർന്ന സിപിഐഎം നേതാവ് എം.എം. മണി. പിതാവിനെയടക്കം പരാമർശിച്ച് കൊണ്ട് അസഭ്യം പറയുന്ന സംസ്‌കാരം സി.പി.എ.ഐമ്മിനില്ലെന്നും ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ലെന്നും, മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും എം.എം. മണി പറഞ്ഞു.

പാർട്ടി വിട്ടാൽ സുധാകരൻ വെറും 'ശു' ആണ്, 'അയ്യോ മോനെ പോകല്ലേ' എന്ന് പറഞ്ഞ് വരില്ലെന്നും എംഎം മണി പരിഹസിച്ചു. ഇതിനു മുൻപും പലരും പാർട്ടി വിട്ടുപോയിട്ടുണ്ട്, എങ്കിലും പ്രസ്ഥാനം എന്നും കരുത്തോടെ തന്നെ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ എം.എം. മണി വ്യക്തമാക്കി.

എം.എം. മണി ഈ പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്. പാർട്ടിയിൽ നിന്നിറങ്ങിയാൽ അത് ഇല്ലാതെയാവും. പാർട്ടി വിടാൻ തീരുമാനിച്ചാൽ തന്നെ അനുനയിപ്പിക്കാൻ ആർക്കും കഴിയില്ല, പോട്ടെ എന്നു വെക്കാനേ പാർട്ടിക്ക് സാധിക്കു. എംഎം മണി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി നിന്ന് ജനവിധി തേടുമെന്ന് ജി. സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പാർട്ടി സ്ഥാനാർഥിക്ക് എതിരയല്ല മത്സരിക്കുന്നതെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും ആരുടേയും പിന്തുണ തേടില്ലെന്നും ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ജി സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അവഗണനകളും ചില ഭാരവാഹികളിൽ നിന്നുമുള്ള പെരുമാറ്റവും മൂലമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഏറെക്കാലമായി സിപിഐഎം നേതൃത്വവുമായി അഭിപ്രായ ഭിന്നതകളുമായി തുടരുന്ന ജി. സുധാകരന്റെ ഇന്നത്തെ വാർത്താ സമ്മേളനത്തിന് തടയിടാൻ പാർട്ടി ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും, സാധിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നതിനു ശേഷം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ആർ. നാസർ എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റംഗങ്ങൾ ജി സുധാകരനെ നേരിട്ട് സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സുധാകരനെ ഫോണിൽ വിളിച്ചു സംസാരിച്ചതായും സൂചനകളുണ്ട്.

പാർട്ടിക്കുവേണ്ടിയാണ് ജീവിച്ചത്, പാർട്ടിയെ ആക്ഷേപിക്കാൻ ഉദ്ദേശമില്ല. പക്ഷെ വ്യക്തിപരമായ ആക്ഷേപങ്ങൾ പാർട്ടിയെ നശിപ്പിക്കും. സിപിഐഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. ഇതെല്ലം മനസിലാകണമെകിൽ പുസ്തകം വായിച്ചു നോക്കണമെന്നും യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇല്ലെന്നും സുധാകരൻ പറഞ്ഞു. ആരും നിർബന്ധിച്ചിട്ടല്ലായിരുന്നു പാർട്ടിയിൽ ചേർന്നത്. പാർട്ടി അംഗത്വം ഒഴിയുന്നതിലൂടെ സംഘടനയിൽ നിന്നുമാത്രമാണ് ഇല്ലാതാവുന്നത്. പാർട്ടിയിൽ നിന്നും ഉൾകൊണ്ട ആദർശവും ആശയവും ഉപേക്ഷിക്കുന്നില്ലെന്നും പുന്നപ്രയിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ വ്യക്തമാക്കിയിരുന്നു.

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി ദിവസങ്ങൾക്ക് മുൻപാണ് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയ ശേഷം തന്നെ ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ തന്നെ അവഗണിച്ചു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാതി പറഞ്ഞിരുന്നു. എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചുവെന്നും, ആരും അത് തിരുത്താൻ തയ്യാറായില്ല എന്നും അദ്ദേഹം വിമർശിച്ചു.

English Summary: Senior M. M. Mani responded to former minister G. Sudhakaran over his decision to leave Communist Party of India (Marxist) and contest as an independent in the upcoming Kerala Assembly election. Mani said abusive language is not part of Marxist culture and that while individuals may leave the party, the movement will continue to move forward strongly.