Kerala

ചിരിപ്പിച്ച മനുഷ്യന്റെ ഗൗരവമുള്ള നിലപാടുകള്‍; സലിം കുമാറിന്റെ സാമൂഹിക രാഷ്ട്രീയം

ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയങ്ങളിലെ പക്ഷപാതിത്വങ്ങളെയും ലോബീയിങ്ങുകളെയും സ്വന്തം അനുഭവങ്ങള്‍ വെച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു

Entertainment Desk

ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം അഭിനയിച്ച് ജീവിതത്തില്‍ പച്ചയായ മനുഷ്യനായി നിലനിന്നിരുന്ന വ്യക്തിത്വമായിരുന്നു സലിം കുമാര്‍. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ ആരുടെയും മുഖത്തുനോക്കി വിളിച്ചുപറയാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ജനപ്രിയത നഷ്ടപ്പെടുമോ എന്ന ഭയമില്ലാതെ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യമാണ് അദ്ദേഹത്തെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.

തന്റെ രാഷ്ട്രീയ ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കാന്‍ മിക്ക സിനിമാതാരങ്ങളും മടിക്കുന്ന സിനിമാലോകത്ത്, താനൊരു 'കോണ്‍ഗ്രസുകാരനാണ്' എന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയായിരുന്നു സലിം കുമാര്‍. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയമൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. കെ. കരുണാകരനോടുള്ള തന്റെ ആദരവ് അദ്ദേഹം പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി വിഡി സതീശനുമായും അടുത്ത ബന്ധം സലിം കുമാര്‍ സൂക്ഷിച്ചിരുന്നു. സതീശന് വേണ്ടി കൊച്ചിയില്‍ വെച്ച് നടത്തിയ സ്വീകരണ പരിപാടിയാണ് സലിം കുമാര്‍ അവസാനമായി പങ്കെടുത്ത ഒരു പൊതുപരിപാടി.

രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമ കിട്ടാത്തതില്‍ തനിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് സലിം കുമാര്‍ തുറന്നുപറഞ്ഞിരുന്നു. താനൊരു കോണ്‍ഗ്രസുകാരനാണെന്നും മറ്റ് പാര്‍ട്ടിയിലുള്ളവര്‍ രാഷ്ട്രീയ പ്രചരണത്തിന് വിളിച്ചാല്‍ അവരെത്ര വലിയ സുഹൃത്തുക്കളായാലും താന്‍ പോവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഒരു കമ്മ്യൂണിസ്റ്റുകാരനെയോ ബിജെപിക്കാരനെയോ രാഷ്ട്രീയ കാരണം കൊണ്ട് ഞാന്‍ ദ്രോഹിച്ചിട്ടില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഈ മഹാരാജാസിലുള്ള എല്ലാവരും എസ്എഫ്‌ഐക്കാരായിരുന്നു. അമല്‍ നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജിവ് രവി അങ്ങനെ എല്ലാരും എസ്എഫ്‌ഐക്കാരാണ്. അവരൊക്കെ ആയിട്ട് ഞാന്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തക്കളായിട്ട് കാണാനും രാഷ്ട്രീയത്തെ അല്ലാതെ കാണാനൊക്കെ എനിക്ക് അറിയാം', എന്നായിരുന്നു രാഷ്ട്രീയത്തില്‍ സലിം കുമാറിന്റെ നിലപാട്.

മാത്രമല്ല, പുരസ്‌കാര ചടങ്ങുകളിലും പൊതുവേദികളിലും തന്റെ വിയോജിപ്പുകള്‍ അദ്ദേഹം തുറന്നടിച്ചു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയങ്ങളിലെ പക്ഷപാതിത്വങ്ങളെയും ലോബീയിങ്ങുകളെയും സ്വന്തം അനുഭവങ്ങള്‍ വെച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു. സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പോലും സിനിമാ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയ്ക്കും വിവേചനങ്ങള്‍ക്കുമെതിരെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അടുത്തകാലത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ദേശീയ പുരസ്‌കാര ജേതാവായ തന്നെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റിനിര്‍ത്തിയപ്പോള്‍ അദ്ദേഹം ശക്തമായി പ്രതികരിച്ചു. 'എന്നെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാലാണ്, പ്രായക്കൂടുതല്‍ കൊണ്ടല്ല' എന്ന് തുറന്നടിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമിയുടെ നിലപാടുകളെ അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തു. അനീതികളോട് മൗനം പാലിക്കുന്നത് തന്റെ ശൈലിയല്ലെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭമായിരുന്നു അത്.

മലയാള സിനിമയ്ക്ക് ഒരു മികച്ച നടനെ മാത്രമല്ല, സമൂഹത്തിന് തികച്ചും ആത്മാര്‍ത്ഥതയുള്ള, നിലപാടുകളുള്ള ഒരു പൗരനെക്കൂടിയാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. പദവികള്‍ക്കോ അവസരങ്ങള്‍ക്കോ വേണ്ടി നിലപാടുകള്‍ പണയം വെയ്ക്കാത്ത ആ ആര്‍ജ്ജവം മലയാള സിനിമാ ചരിത്രത്തില്‍ എന്നും വേറിട്ടുതന്നെ നില്‍ക്കും.

English Summary: Salim Kumar was not just a celebrated actor but also a public figure known for expressing his political and social views without hesitation. Openly identifying himself as a Congress supporter, he never concealed his political beliefs for fear of losing opportunities. At the same time, he maintained friendships across ideological lines, insisting that politics should never stand in the way of personal relationships.