കണ്ണൂർ: കെകെ ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയ സംഭവത്തിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തീരുമാനിച്ചത് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റാണെന്ന് എം.വി. ഗോവിന്ദൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ഏതെങ്കിലുമൊരു വ്യക്തിയല്ലെന്നും പാർട്ടി ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നും പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചത് പാർട്ടി കണ്ണൂർ ജില്ലാ ഘടകണമെന്നും കണ്ണൂരിലെ പ്രശ്നങ്ങൾ പാർട്ടി നേരിട്ട് ഇടപെട്ട് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർത്ഥി ആയതുകൊണ്ടാണ് കെകെ ശൈലജയെ പേരാവൂരിൽ സ്ഥാനാർത്ഥിയാക്കിയത്. അല്ലാതെ മാധ്യമ പ്രചാരണം പോലെ ശൈലജയെ ഒതുക്കിയത് അല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതേസമയം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എന്ത് അത്ഭുതകരാമായ സ്ഥാനാർത്ഥിത്തമാണ് ജി. സുധാകരന്റേതെന്ന് അദ്ദേഹം ചോദിച്ചു.
അമ്പലപ്പുഴയിൽ സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയായിരുന്നുവെന്നും, പറഞ്ഞ വാക്കും ചിരിച്ചതും വലിയ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പോകരുത് എന്ന് പല തവണ ജി സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അദ്ദേഹം പാർട്ടി വിട്ടുപോകുകയായിരുന്നു. അദ്ദേഹത്തിന് മത്സരിച്ചേ പറ്റൂ എന്നുള്ളതുകൊണ്ട് നേരത്തെ തന്നെ യുഡിഎഫുമായി ചർച്ചകൾ നടത്തിയതായും എംവി ഗോവിന്ദൻ പറഞ്ഞു. ഇത്തരം ഇറങ്ങിപ്പോക്കുകൾ ഒന്നും പാർട്ടിക്ക് ഒരു തിരിച്ചടിയാവില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
English Summary: M.V. Govindan clarified that candidate selections, including K. K. Shailaja and P. K. Shyamala, were decisions made by party committees, not individuals.