Kerala

ലൈം​ഗിക ചൂഷണം വ്യാപകം, ട്രാപ്പിലാകുന്നത് നിരവധി പെൺകുട്ടികൾ; അനധികൃത സ്പാകൾകൾക്ക് പൂട്ട് വീഴും, ഓപറേഷൻ സ്പാ വരുന്നു

നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് സ്പാകൾ പ്രവർത്തിക്കുന്നത്

Madism Desk

സംസ്ഥാനത്ത് സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണവും നിയമവിരുദ്ധ പ്രവർത്തനങ്ങളും വ്യാപകമാകുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി പൊലീസ്. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 'ഓപ്പറേഷൻ സ്പാ' നടപ്പാക്കുകയാണെന്നും കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി വിവിധയിടങ്ങളിൽ പൊലീസ് പരിശോധനകൾ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

നിലവിൽ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് പല സ്ഥലങ്ങളിലും സ്പാകൾ പ്രവർത്തിക്കുന്നതെന്നാണ് പരാതി. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് സ്പാകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഈ നിയമത്തിന്റെ പരിധിക്കപ്പുറം പോകുന്ന പ്രവർത്തനങ്ങൾ തടയാൻ കൂടുതൽ ശക്തമായ നിയമസംവിധാനം ആവശ്യമാണോയെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. സ്പാകളുടെ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പ്രത്യേക നിയമനിർമാണം നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കോവളത്ത് ഇതരസംസ്ഥാനക്കാരിയായ യുവതി സ്പായിൽ പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയത്. സ്പാകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായും വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യുന്നതിനും ആളുകളെ വഞ്ചിക്കുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ചില സ്പാകൾ ഉപയോഗിക്കപ്പെടുന്നതായാണ് പരാതികൾ.

ആവശ്യമായ അനുമതികളും ലൈസൻസുകളും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്പാകൾക്ക് ഇനി ഇളവുണ്ടാകില്ലെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് അടച്ചുപൂട്ടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്പാകളുടെ പ്രവർത്തനം നിയമപരമായ ചട്ടക്കൂടിനുള്ളിലാക്കുകയും ചൂഷണവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുകയും ചെയ്യുകയാണ് 'ഓപ്പറേഷൻ സ്പാ'യിലൂടെ ലക്ഷ്യമിടുന്നത്. പരിശോധനകൾ തുടരുമെന്നും നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കും

മയക്കുമരുന്ന് ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും പൊതുജനങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം 30 ശതമാനത്തിലധികം കുറഞ്ഞതായും അക്രമസംഭവങ്ങൾ, കൊലപാതകങ്ങൾ, മറ്റ് ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയിൽ കുറവുണ്ടായതായും മന്ത്രി അവകാശപ്പെട്ടു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി എല്ലാ ജില്ലകളിലും പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Following reports of widespread sexual exploitation and illegal activities under the guise of spas across the state, police have intensified inspections under ‘Operation Spa’. Home Minister Ramesh Chennithala stated that unauthorised establishments would be shut down and strict legal action would be taken against those involved.