കൊച്ചി ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ടാം വർഷ ബിബിഎ വിദ്യാർഥിയയാ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോൺ പരിശോധിച്ചതിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തി. പൊലീസ് അനുമതിയോടെ ഫോൺ പരിശോധിച്ച വിദ്യാർഥികളാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർഥികൾ കണ്ടെത്തി. ക്യാമ്പസിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഈ കണ്ടെത്തലുകളിലൂടെ പുറത്തുവരുന്നത്. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക്കിലേക്ക് അയക്കും. സാധാരണ ചിത്രങ്ങൾ പ്രത്യേക സംവിധാനത്തിലേക്ക് അയച്ചുനൽകിയാൽ നിമിഷങ്ങൾക്കകം അവ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി തിരികെ ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ.
ഗേൾസ് ഹോസ്റ്റൽ മുറികളിലെ ദൃശ്യങ്ങൾക്കും അധ്യാപകരുടെ ചിത്രങ്ങൾക്കും പുറമെ വിദ്യാർഥികളുടെ ചിത്രങ്ങളും ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായാണ് വിവരം. പണം വാങ്ങി അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി വിഎസ് ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുവന്നത്. കാമ്പസിലെ വിവിധ പരിപാടികളിൽനിന്ന് ശേഖരിച്ച ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമിച്ച് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചിരുന്നതായാണ് കണ്ടെത്തൽ.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാമ്പസിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനുപിന്നാലെ വിദ്യാർഥികൾ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഗേൾസ് ഹോസ്റ്റൽ മുറികളിലെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ അറിവില്ലാതെ പകർത്തി അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും കണ്ടെത്തി.
ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം
നഗ്നചിത്രങ്ങൾ പണം വാങ്ങി വിൽപ്പന നടത്തിയതിന്റെ വിവരങ്ങളും ടെലഗ്രാം ചാറ്റുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. സാധാരണ ചിത്രങ്ങൾ ഒരു പ്രത്യേക ടെലഗ്രാം ചാറ്റിലേക്ക് അയച്ചുനൽകിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ തിരികെ ലഭിച്ചിരുന്നതായാണ് വിവരം. ഈ സംവിധാനം നിയന്ത്രിച്ചിരുന്നത് ഓട്ടോമേറ്റഡ് ബോട്ടാണോ അതോ മറ്റാരെങ്കിലുമാണോ എന്നതിൽ വ്യക്തതയില്ല.
മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുന്നതിനായി അഡ്മിൻമാർ ഉൾപ്പെടുന്ന പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. ഇത്തരം ഗ്രൂപ്പുകളിൽ ലഭിക്കുന്ന ദൃശ്യങ്ങൾ പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്ക് കൈമാറുകയായിരുന്നു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ ചിത്രങ്ങളും മോർഫ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കേസിന്റെ ഗൗരവം വർധിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ദൃശ്യങ്ങൾ എത്രത്തോളം വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പൊലീസ് അന്വേഷണം ഊർജിതം
സംഭവം പുറത്തുവന്നതിനുപിന്നാലെ വിദ്യാർഥിയെ കോളജിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകാൻ കോളജ് മാനേജ്‌മെന്റ് തീരുമാനിക്കുകയും തൃക്കാക്കര പൊലീസ് ശ്രീഹരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2025 ഡിസംബർ മുതൽ പ്രതി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളിലാണ് അന്വേഷണ സംഘം. ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്യാൻ ഉപയോഗിച്ച സാങ്കേതികവിദ്യ, ടെലഗ്രാം ഗ്രൂപ്പുകളുടെ പ്രവർത്തനം, ദൃശ്യങ്ങൾ കൈമാറാൻ ഉപയോഗിച്ച മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
In the morphing case at Bharat Mata College in Kochi, nude morphed images of teachers and students were found on the phone of Srihari, a second-year BBA student. Ordinary photographs were reportedly sent through Telegram to a specialised system, which converted them into obscene images within minutes and sent them back. Investigators also found that the images, including visuals from girls’ hostel rooms, were sold for money. Images of minors were also reportedly misused.