Kerala

4 രൂപയുടെ വൈദ്യുതിക്ക് 11 രൂപ; യുഡിഎഫ് സർക്കാരിന്റെ വൈദ്യുതി വാങ്ങൽ കരാറിൽ വൻ അഴിമതിയെന്ന് പിണറായി വിജയൻ

യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമെന്ന് പിണറായി

Madism Desk

യുഡിഎഫ് സർക്കാരിന്റെ വൈദ്യുതി വാങ്ങൽ കരാറിനെതിരെ ​ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഇഎച്ച് ​ഗ്ലോബൽ എന്ന കമ്പനിയിൽ നിന്നും ടെൻഡറോ ഇലക്ട്രിസിറ്റി റെ​ഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.

കാറ്റിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതൽ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സർക്കാർ ഈ കരാർ ഒപ്പിട്ടിരിക്കുന്നതെന്നും ഇതിലൂടെ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നവംബർ 10-ലെ പ്രസ്താവനയിൽ അദ്ദേഹം ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും ഇപ്പോൾ ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെ​ഗുലേറ്ററി കമ്മിഷൻ അം​ഗീകരിച്ച രീതിയിലോ അല്ലെങ്കിൽ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ എന്നതാണ് ചട്ടം. എന്നാൽ കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽ നിന്നും 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മിഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകാമെന്ന വിഇഎച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. എന്നാൽ വിഇഎച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ടെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസമെന്നും, യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണെന്നും പിണറായി വിജയൻ ചോദിക്കുന്നു.

ജിഎൻഎ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, കരാറിൽ ഒപ്പിട്ടില്ലല്ലോ എന്ന മറുപടി നൽകി ഒളിച്ചോടിയ മുഖ്യമന്ത്രി വി ഡി സതീശന് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Kerala Chief Minister Pinarayi Vijayan alleged massive corruption in a power purchase agreement signed during the previous UDF government's tenure. He stated that 200 MW of electricity was purchased from an unqualified company, V.H. Global, at an inflated rate of ₹11 per unit, instead of the available ₹3-4 per unit. This agreement was made without a competitive tender or regulatory commission approval, causing severe financial loss to the state exchequer. He demanded the UDF leadership and the then Chief Minister to provide a clear explanation to the public regarding this illegal contract.