Kerala

എന്ത് അടിസ്ഥാനത്തിലാണ് 'ഹിമാചൽ വൈദ്യുതി പ്രൊപോസൽ അട്ടിമറിച്ചത് ?ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്'; രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയൻ

കെ എസ് ഇ ബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധനകൾ നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങൽ നിർദേശം അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു

Madism Desk

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകുന്നതിന് പകരം ദുരൂഹത സൃഷ്ടിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്നിലെത്തിയ ഫയലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, കെ എസ് ഇ ബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധനകൾ നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങൽ നിർദേശം അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

ഉദ്യോഗസ്ഥതല ചർച്ചകൾക്ക് ശേഷം ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന നിലപാടാണ് വകുപ്പ് മന്ത്രി രേഖപ്പെടുത്തിയിരുന്നത്. എന്നിട്ടും ജി.എൻ.എയുടെ ദുരൂഹമായ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജി.എൻ.എയുടെ ഓഫർ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. സർക്കാരിനെ അറിയിച്ചിരുന്നോ? ചീഫ് എൻജിനീയറുടെ വിശദമായ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ചട്ടപ്രകാരമുള്ള നടപടികൾക്ക് പകരം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. കെ എസ് ഇ ബിക്കും വൈദ്യുതി ഉപഭോക്താക്കൾക്കും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഇടപാട് വകുപ്പ് മന്ത്രിയുടെ അഭിപ്രായം പോലും മറികടന്ന് ആർക്കുവേണ്ടിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കെ എസ് ഇ ബി മുൻ എം ഡി എം ജി രാജമാണിക്യം ഐ എ എസ് ഫയലിൽ രേഖപ്പെടുത്തിയ കുറിപ്പിലെ ചില ഭാഗങ്ങൾ മാത്രം ഉദ്ധരിച്ചതുകൊണ്ട് ബോർഡ് ഉന്നയിച്ച എതിർപ്പുകൾ ഇല്ലാതാകില്ല. ഒന്നും മറയ്ക്കാനില്ലെങ്കിൽ ബന്ധപ്പെട്ട ഫയലുകളും സർക്കാരിന് ലഭിച്ച കത്തുകളും പൂർണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. 2026 നവംബർ ഒന്ന് മുതൽ മാർച്ച് 31 വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകണം.

കമ്മീഷന്റെ നിഗമനങ്ങൾ തെറ്റാണെങ്കിൽ സർക്കാർ സ്വീകരിച്ച നിയമനടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കണം. കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷൻ, വകുപ്പ് മന്ത്രി എന്നിവരുടെ നിലപാടുകൾ മറികടന്ന് ജി എൻ എയുമായി കരാർ ഉറപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതിന്റെ അടിസ്ഥാനവും പുറത്തുവരേണ്ടതുണ്ട്. ജി എൻ എ കൂടുതൽ വൈദ്യുതി നൽകുമെന്നും ഹിമാചലിൽ നിന്നുള്ള ലഭ്യത കുറവായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ വാദം കെ എസ് ഇ ബിയുടെ സാങ്കേതിക റിപ്പോർട്ടുകൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പീക്ക് സമയത്ത് ജി എൻ എ വഴി വൈദ്യുതി ലഭിക്കുമെന്ന് തെളിയിക്കുന്ന റിപ്പോർട്ട് ഏതാണ്? ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ വിശദാംശങ്ങൾ കെ എസ് ഇ ബിക്ക് ലഭ്യമായിരിക്കെ, അതിനെ ഖണ്ഡിക്കുന്ന എന്ത് വിവരമാണ് ജി എൻ എ മുഖ്യമന്ത്രിക്ക് കൈമാറിയത്? അത്തരം വിവരങ്ങൾ ബോർഡിന്റെ പരിശോധനയ്ക്ക് സമർപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ജി എൻ എ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വൈദ്യുതി വ്യാപാരിയോ അല്ലെന്നും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അങ്ങനെയൊരു സ്ഥാപനത്തിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളതെന്ന് വ്യക്തമാക്കണം. ഈ ചോദ്യത്തിന് മറുപടി നൽകാതെ മുൻ സർക്കാരിന്റെ കാലത്തും അവരിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന വാദം മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. എൽ.ഡി.എഫ് ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടണം. കെ എസ് ഇ ബി സ്വാപ്പ് അടിസ്ഥാനത്തിൽ വൈദ്യുതി കൈമാറ്റം ചെയ്യാൻ ജി എൻ എയുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനെ മറയാക്കി, നിയമപരമായ അധികാരമില്ലാത്ത വൈദ്യുതി വിൽപനയെ ന്യായീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമങ്ങളിൽ വ്യവസ്ഥയില്ലാത്ത 'നേരിട്ടുള്ള ഓഫർ' സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തര സാഹചര്യമുണ്ടായിരുന്നുവെന്ന വാദത്തിനും അടിസ്ഥാനമില്ല. അത്തരമൊരു സാഹചര്യം റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയിരുന്നോ? മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ട അടിയന്തര സാഹചര്യം എന്തായിരുന്നു? ടെൻഡർ പോലും വിളിക്കാതെ സ്വകാര്യ ഓഫർ നൽകിയ ജി.എൻ.എ മാത്രമാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിഗമനത്തിലെത്തിയതിന് പിന്നിലെ താൽപ്പര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതി പ്രതിസന്ധിയേക്കാൾ ജി എൻ എയ്ക്ക് വഴിവിട്ട പരിഗണന നൽകുന്നതാണ് അടിയന്തര സാഹചര്യമെന്ന് സംശയിക്കേണ്ട അവസ്ഥയാണെന്നും ആരോപിച്ചു.

സി ഇ ആർ സിയും സെബിയും അന്വേഷണം നടത്തുന്ന പശ്ചാത്തലമുള്ള കമ്പനിയിൽ നിന്നാണ് വിപണി നിരക്ക് യൂണിറ്റിന് ഏകദേശം അഞ്ച് രൂപയായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 8.48 രൂപയിൽ തുടങ്ങിയ ഫയലിൽ നിരക്ക് എങ്ങനെയാണ് 8.63 രൂപയായത്? മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരാമർശിച്ച 8.90 രൂപയുടെ ഓഫർ എവിടെനിന്നാണ് ലഭിച്ചത്? നവംബർ മുതൽ വൈദ്യുതി നൽകാൻ കഴിയുമായിരുന്നെങ്കിൽ ജി.എൻ.എ എന്തുകൊണ്ട് ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ പിൻവാതിലിലൂടെ കരാർ ഉറപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയുടെ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാൻ സർക്കാർ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളും പുറത്തുവിടണം.

'ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലിൽ കണ്ണടച്ച് ഒപ്പിടാനല്ല സർക്കാർ' എന്ന് പറയുന്ന മുഖ്യമന്ത്രി, കെ.എസ്.ഇ.ബി. എതിർത്ത ജി.എൻ.എയുടെ ഓഫർ സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കണം. കൃത്രിമമായി വൈദ്യുതി പ്രതിസന്ധിയുടെ ഭീതി സൃഷ്ടിച്ച് പൊതുപണം കൊള്ളയടിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം മുഖ്യമന്ത്രിയുടെ വിശദീകരണം കൂടുതൽ ശക്തമാക്കുകയാണ്. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. മുഖ്യമന്ത്രി പറയുന്നതാണ് ശരിയെങ്കിൽ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുവെക്കാൻ സർക്കാർ മടിക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

The opposition alleged that the Chief Minister’s unilateral decisions and failure to provide clear answers regarding the Himachal Pradesh power procurement proposal had raised questions. It demanded clarification on the legality of accepting GNA’s offer while bypassing KSEB’s technical evaluations.