പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ തയ്യാറെന്ന് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ആവശ്യം ഉയർന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവാകാൻ പിണറായി സമ്മതം അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.
ആരോഗ്യപ്രശ്‌നങ്ങൾ വെല്ലുവിളിയാകുമെങ്കിലും ഇങ്ങനെയൊരു മോശം സമയത്ത് പാർട്ടിയെ കൈവിടാൻ ഒരുക്കമല്ലെന്നാണ് പിണറായിയുടെ നിലപാട്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടിയെയും മുന്നണിയെയും തിരിച്ചുകൊണ്ടുവരാൻ താൻ സന്നദ്ധനെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് നാളെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പിണറായി അറിയിക്കും. പ്രതിപക്ഷത്തെ ആത്മവിശ്വാസത്തോടെ നയിക്കാൻ തനിക്കു ഉത്തരവാദിത്തമുണ്ടെന്നും അതിനായി നിരന്തരം പോരാടുമെന്നും പിണറായി പൊളിറ്റ് ബ്യൂറോയിൽ വ്യക്തമാക്കുമെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായി പ്രതിപക്ഷ നേതാവാകണം എന്ന ആവശ്യം ഉന്നയിച്ചത് ചില മുതിർന്ന നേതാക്കളാണ്. പാർട്ടിയെയും സർക്കാരിനെയും നയിച്ചുള്ള പിണറായിയുടെ പരിചയ സമ്പത്താണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പാർട്ടിയിൽ വിഭാഗീയത വെല്ലുവിളിയായ സമയത്ത് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതിസന്ധി മറികടക്കാൻ പിണറായിയുടെ നേതൃപാഠവും ആവശ്യമെന്ന് നേതാക്കൾ നിലപാടെടുത്തത്.
വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറെന്നാണ് പിണറായിയുടെ നിലപാട്. പ്രതിപക്ഷ നേതാവാകാൻ പിണറായി പൂർണ സമ്മതം അറിയിച്ചാൽ സിപിഐ എതിർക്കില്ല. ഉപപ്രതിപക്ഷ നേതൃസ്ഥാനം തങ്ങൾക്കു വേണമെന്നാണ് സിപിഐയുടെ ആവശ്യം.
അതേസമയം പിണറായി പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ കെ.എൻ.ബാലഗോപാലിനാണ് കൂടുതൽ സാധ്യത. സജി ചെറിയാന്റെ പേര് പരിഗണനയിൽ വന്നെങ്കിലും നേതാക്കൾ തള്ളി.
English summary:
Former Chief Minister and senior CPI(M) leader Pinarayi Vijayan has reportedly agreed to become the Leader of the Opposition in the Kerala Assembly, taking responsibility for the election defeat and aiming to rebuild the party and alliance. Senior leaders believe his experience is crucial during the crisis. If he declines the role, K. N. Balagopal is seen as the likely alternative, while Saji Cherian was reportedly ruled out.