Kerala

'ഇഡിയുടേത് അന്വേഷണം എന്നിലേക്ക് എത്തിക്കാനുള്ള ശ്രമം, പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രം': പിണറായി വിജയൻ

ഇത്തരം വ്യാജ ആരോപണങ്ങളെ പാർട്ടി ജനങ്ങളെ കൂട്ടുപിടിച്ച് ശക്തമായി അതിജീവിക്കും

Madism Desk

പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് അത് ഒരിക്കലും സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത്തരക്കാരോട് സഹതാപം മാത്രമേയുളളൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പാർട്ടിയെയും ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇത്തരം വ്യാജ ആരോപണങ്ങളെ പാർട്ടി ജനങ്ങളെ കൂട്ടുപിടിച്ച് ശക്തമായി അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുൻപും പിന്‍പും പലതരത്തില്‍ കടന്നാക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന കൃത്യമായ തിരിച്ചറിവ് ഉണ്ടായിരുന്നു. ആ തിരിച്ചറിവോടെയാണ് അതിന് പ്രതിരോധിക്കാന്‍ തയ്യാറായത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ക്കാനും തകര്‍ക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

2016ൽ സർക്കാർ അധികാരത്തിൽ വന്നതുമുതൽ സർക്കാരിനെതിരെ നിരന്തരം ആക്രമണങ്ങളാണ് നടക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് നാട് ഒന്നിച്ചുനിന്നപ്പോൾ പോലും ഡാറ്റാ ചോർച്ച, ബിരിയാണി ചെമ്പിലെ സ്വർണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി സർക്കാരിനെ അട്ടിമറിക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ ഈ ആരോപണങ്ങളൊന്നും നിയമത്തിന് മുന്നിൽ നിലനിന്നില്ല. ജനങ്ങൾ ആ നുണകളെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതുകൊണ്ടാണ് 2021-ൽ ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലഭിച്ചത്. ഇപ്പോൾ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും കൈകോർത്തിരിക്കുകയാണെന്നും, എൽഡിഎഫിനെയും സിപിഎമ്മിനെയും എന്നെന്നേക്കുമായി ഇല്ലാതാക്കാമെന്നത് അവരുടെ വെറും മോഹം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിഎംആർഎൽ വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന സമീപനമാണ് ഇ ഡി സ്വീകരിക്കുന്നത്. ഇ ഡി ഇപ്പോൾ തങ്ങളുടെ ആരോപണങ്ങളുടെ ദിശ മാറ്റുകയാണെന്നും പിണറായി രൂക്ഷമായി വിമർശിച്ചു. വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് യാതൊരു സേവനവും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയതെന്നും, അതുവഴി കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നൽകിയ കൈക്കൂലിയാണ് ഈ പണം എന്ന പുതിയ ഭാഷ്യമാണ് ഇഡി ഇപ്പോൾ പറയുന്നത്.

സിഎംആർഎല്ലിന് സർക്കാർ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്നും പിണറായി വിജയൻ ചോദിച്ചു. ഇക്കാര്യത്തിൽ യാതൊരു തെളിവുമില്ലെന്ന് കേരള ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും ഇത്തരം വാദങ്ങൾ ഉയർത്തുന്നത് പുതിയ കേസുകൾ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്. ഇ ഡിയുടെ ഈ അന്വേഷണം എങ്ങനെയെങ്കിലും തന്നിലേക്ക് എത്തിക്കാനാണ് അവർ ശ്രമിക്കുന്നത്. നിയമത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താൻ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എക്സാലോജിക് നൽകിയ പ്രൊഫഷണൽ സേവനങ്ങൾക്കാണ് സിഎംആർഎൽ പണം നൽകിയത്. ഈ പണമിടപാടുകളെല്ലാം കൃത്യമായ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നടന്നതെന്നും, അതിനുള്ള നികുതി പൂർണ്ണമായി അടച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

Kerala Opposition Leader Pinarayi Vijayan dismissed the Enforcement Directorate's allegations in the Exalogic-CMRL case as baseless and politically motivated. He stated that the ED is constantly shifting its narrative—from alleging 'payment without service' to now claiming it was 'bribery for undue favors'—in a desperate attempt to frame him. Highlighting that the High Court found no evidence of undue favors to CMRL, Vijayan asserted that the transactions were legal, routed through banks, and fully taxed. He reiterated that these ongoing attacks aim to destroy the CPI(M) and the LDF government, but will ultimately fail as his life remains an open book to the public.