Kerala

'ജീപ്പ് സ്റ്റേഷന്' മറുപടി പറയേണ്ടത് പൊലീസ്, വീടിന് സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ല'; വാർത്തകൾ തള്ളി പിണറായി

പിണറായിയുടെ കണ്ണൂർ പണ്ട്യാലമുക്കിലെ വീടിന് മുന്നിൽ മിനിപൊലീസ് സ്റ്റേഷനായി ഒരു ജീപ്പ് പ്രവർത്തിക്കുന്നു എന്നായിരുന്നു വാർത്ത

Madism Desk

വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്ന മാധ്യമവാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീടിന് മുന്നിൽ പൊലീസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ലെന്നും ജീപ്പ് എടുത്തുമാറ്റാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം:

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതായി ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ച് ചില വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ളത്.

എന്താണ് വസ്തുത?

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പോലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പോലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.

എന്റെ വീടിന്റെ മുന്നില്‍ പോലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പോലീസ് വാഹനത്തില്‍ പോലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പോലീസാണ്.

എന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഈ വാര്‍ത്ത നല്‍കിയ ഇന്നത്തെ (03.09.2026) മലയാള മനോരമയില്‍ പ്രാധാന്യത്തോടെ തലക്കെട്ടായി ചേര്‍ത്തത് "പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്‍" എന്നാണ്. അതിനോടൊപ്പം ഈ നിര്‍മ്മിത വാര്‍ത്തയ്ക്ക് സാധൂകരണം നല്‍കാനായി ഡോ. ആസാദിന്റെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പിണറായിയുടെ കണ്ണൂർ പണ്ട്യാലമുക്കിലെ വീടിന് മുന്നിൽ മിനിപൊലീസ് സ്റ്റേഷനായി ഒരു ജീപ്പ് പ്രവർത്തിക്കുന്നു എന്നായിരുന്നു വാർത്ത. വീടിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ താല്‌കാലിക ഷെൽട്ടറായാണ് വാഹനം പ്രവർത്തിച്ചിരുന്നതെന്നും ഒരു എസ്ഐയും രണ്ട് പൊലീസുകാരും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവുമെന്നും വാർത്തകളുണ്ടായിരുന്നു.

സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ജീപ്പ് ഇവിടെ നിന്ന് മാറ്റി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ കണ്‍ട്രോള്‍ റൂം പൊലീസ് സംഘം മറ്റൊരു വാഹനത്തില്‍ കെട്ടിവലിച്ചാണ് ജീപ്പ് അവിടെ നിന്നും കൊണ്ടുപോയത്. KL 01 BR 9569 എന്ന നമ്പറിലുള്ള പൊലീസ് ജീപ്പ് വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് കിടന്നതിനാല്‍ തീര്‍ത്തും പ്രവര്‍ത്തനരഹിതമായിരുന്നു.

Opposition Leader Pinarayi Vijayan has dismissed media reports claiming that an unserviceable jeep parked in front of his residence was being used as a police station. He clarified that a police station had never been set up in front of his residence and said it was the police who should explain why the jeep had not been removed. He made the remarks in a Facebook post.