Kerala

'ഇവിടെയുള്ളത് മനുസ്മൃതിയല്ല, ഭരണഘടന, മാപ്പെഴുതാൻ വിദ്യാർഥികൾ സവർക്കറല്ല'; കാലടിയിൽ ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

ചോദ്യങ്ങൾ ചോദിക്കുന്നവരോട് കേന്ദ്രത്തിലെ മോദി സർക്കാരിനെപ്പോലെയാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരും പെരുമാറുന്നത്

Madism Desk

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്. മാപ്പെഴുതി നൽകാൻ കാലടിയിലെ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും അവർ ​ഗോഡ്സെയെ പോലെ അക്രമകാരികൾ അല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. സമരം നീളുകയാണെങ്കിൽ താനും വിദ്യാർഥികൾക്കൊപ്പം കുത്തിയിരുന്ന് നിരാഹാരം അനുഷ്ഠിക്കും. കുട്ടികളെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും, ചോദ്യങ്ങൾ ചോദിക്കുന്നവരോട് കേന്ദ്രത്തിലെ മോദി സർക്കാരിനെപ്പോലെയാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരും പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.

തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന വൈസ് ചാൻസലറുടെ ആരോപണം വെറും നാടകമാണെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. "അവർ നാടക വിദ്യാർഥികളാണ്, അവർ നാടകം കളിക്കട്ടെ. വി സി എന്തിനാണ് പുതിയ തിരക്കഥയുണ്ടാക്കി നാടകം കളിക്കുന്നത്?" അദ്ദേഹം ചോദിച്ചു. ഈ തലമുറ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഗാന്ധിയെപ്പോലെ സമാധാനപരമായി സമരം ചെയ്യുന്നവരാണ്. ഇവിടെയുള്ളത് മനുസ്മൃതിയല്ല, ഭരണഘടനയാണ്. കുട്ടികളെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും, ഉത്തരവാദിത്തപ്പെട്ടവർ ഇവിടെ വന്ന് അവരെ കേൾക്കുകയും പ്രശ്‌നം ഉടൻ പരിഹരിക്കുകയും വേണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

എന്തിനാണ് വിദ്യാർഥികളെക്കൊണ്ട് മാപ്പുപറയിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികളോട് മറുപടി പറയുകയാണ് വേണ്ടതെന്നും, വിദ്യാർഥികളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നവരോട് അധികാരികൾ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു നാടകം കളിക്കുന്നത് ഈ രാജ്യത്ത് ഇത്ര വലിയ കുറ്റമാണോ എന്ന് ചോദിച്ച അദ്ദേഹം, യാതൊരു തെളിവുകളുമില്ലാതെയാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അവരെ പരീക്ഷയെഴുതാൻ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പ്രകാശ് രാജ് ഉന്നയിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എന്തിനാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെപ്പോലെ പെരുമാറുന്നത്? മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് നിങ്ങളുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ മന്ത്രി ശ്രമിക്കണം. അവര്‍ എങ്ങനെ സമരം ചെയ്തു എന്ന് ചര്‍ച്ച ചെയ്യുന്ന മന്ത്രി അവര്‍ എന്തിന് സമരം ചെയ്തു എന്ന് ചിന്തിക്കാന്‍ തയ്യാറാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.

വൈസ് ചാൻസലർ സിസ തോമസിന്റെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെയുള്ള വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് പിന്നീട് ഇത് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിഷയം ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ വീണ്ടും തീർപ്പാക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വീണ്ടും നിരാഹാര സമരം ആരംഭിച്ചത്.

സസ്‌പെൻഷനിലായ വിദ്യാർഥികളായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരാണ് നിലവിൽ നിരാഹാരമനുഷ്ഠിക്കുന്നത്. തിയറ്റർ ആർട്സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങൾ നന്നാക്കുക, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഈ പ്രതിഷേധത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്. മുൻ വൈസ് ചാൻസലർ സിസ തോമസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, പ്രതീകാത്മക ശവദാഹം നടത്തി, സർവകലാശാലയുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.

Actor Prakash Raj visited the protesting SFI students at Sree Sankaracharya University of Sanskrit in Kalady, expressing his solidarity with their ongoing hunger strike against the suspension of 16 students. He warned the government and university authorities that he would join the hunger strike if the issue remains unresolved. He also criticized the Vice Chancellor for fabricating allegations and condemned the state government for handling the situation like the BJP-led central government.