Kerala

'മാലാഖ പദവിയല്ല, ന്യായമായ ശമ്പളമാണ് വേണ്ടത്'; വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തിനിറങ്ങി സ്വകാര്യ മേഖലയിലെ നഴ്സുമാർ

ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Madism Desk

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മറ്റന്നാൾ മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കും. സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുന്നതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരത്തിലിറങ്ങാൻ ആഹ്വാനം ചെയ്തത്. ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാവും. കാലങ്ങളായി നഴ്‌സുമാർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ തണുത്ത സമീപനം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് മാർഗ്ഗങ്ങൾ മുൻപിലില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.

നഴ്സുമാരുടെ അടിസ്ഥാന വേതനം വർധിപ്പിക്കുന്നത് സംബന്ധിച്ച് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഉത്തരവ് ഔദ്യോഗികമായി നടപ്പിലാക്കണമെന്നാണ് അസോസിയേഷൻ ഉന്നയിച്ച പ്രധാന ആവശ്യം. തങ്ങളെ മാലാഖമാരായി പരിഗണിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും തങ്ങളുടെ അധ്വാനം കണക്കിലെടുത്ത് ന്യായമായ വേതന വർദ്ധനവ് നടപ്പിലാക്കണമെന്നും സംഘടന വ്യക്തമാക്കി.

English Summary: Private sector nurses across the state, under the United Nurses Association (UNA), have announced an indefinite strike from Thursday demanding minimum wage revision and salary hikes. Around 490 private hospitals will be affected, potentially disrupting healthcare services statewide.