Rahul Mamkootathil Image Credit: facebook
Kerala

ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂർ ജാമ്യം

രാഹുലിനെതിരെ ഉയർന്ന ആദ്യ പരാതിയിലാണ് കർശന ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്

Madism Desk

കൊച്ചി: ബലാത്സംഗ പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. അന്വേഷണത്തോട് പൂ‍ർണമായും സഹകരിക്കണമെന്നും പാസ്പോ‍ർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മൂന്നു ദിവസം രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിനു ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം വിട്ടു പോകരുതെന്നും മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് മുൻപാകെ സമർപ്പിക്കണമെന്നും ജാമ്യഉപാധിയിലുണ്ട്.

സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാവുകയും മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യണമെന്നും തുടങ്ങിയ കർശന ഉപാധികളോടെയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടു കൂടി മൂന്ന് കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്.

പരാതിക്കാരിയായ യുവതിയെ മാനസികമായി തളർത്തി, ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയ വാദങ്ങൾ ഉയർത്തി രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ പ്രധാനവാദം. കൂടാതെ, വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്ന ആരോപണം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

ആദ്യ ബലാത്സംഗ പരാതിക്ക് ശേഷം രണ്ട് പരാതികൾ കൂടി രാഹുലിനെതിരേ വന്നിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തു വരുന്ന യുവതി കെപിസിസി അധ്യക്ഷന്റെ മെയിൽ മുഖാന്തരമാണ് രാഹുലിനെതിരെ പരാതിപ്പെട്ടത്. തുടർന്ന് ഈ പരാതി പോലീസിന് കൈമാറുകയും അതിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. നിലവിൽ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയാണ് മൂന്നാമത്തെ പരാതികാരി. ഈ പരാതിയെ തുടർന്നായിരുന്നു പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

English Summary: The Kerala High Court has granted anticipatory bail to Congress MLA Rahul Mamkootathil in a rape complaint case, imposing strict conditions. He must fully cooperate with the investigation, surrender his passport to the court, appear for questioning from 10 AM to 4 PM for three days, not leave Kerala, and submit his mobile phone to the probe team.