Kerala

"ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് വേണ്ട"; രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തന്നെ പ്രകോപിപ്പിച്ചാൽ തന്റെ ഡയറിയിലുള്ള പല കാര്യങ്ങളും പുറത്തുവിടുമെന്നും മുഖംമൂടി വലിച്ചുകീറുമെന്നും മുന്നറിയിപ്പ്

Madism Desk

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വടകര എംപി ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ കടുത്ത വിമർശനങ്ങളുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനല്ലെന്നും, അദ്ദേഹം 'എ' ഗ്രൂപ്പാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ പ്രകോപിപ്പിച്ചാൽ തന്റെ ഡയറിയിലുള്ള പല കാര്യങ്ങളും പുറത്തുവിടുമെന്നും മുഖംമൂടി വലിച്ചുകീറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് പറഞ്ഞതിനാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഇതിന് പിന്നിൽ ചില പെട്ടിതാങ്ങികളാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തനിക്കും മകനുമെതിരെ വ്യാജ ഐഡികളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന് ഉണ്ണിത്താൻ പരോക്ഷമായി ആരോപിച്ചു. ആശാന് വേണ്ടി ശിഷ്യൻ കളത്തിലിറങ്ങിയിരിക്കുകയാണ് എന്നും അടൂരിലെ ഒരു വീട്ടിലിരുന്നാണ് ഈ ആസൂത്രിത സൈബർ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോർഡ്, കോർപറേഷൻ വിഭജനത്തിൽ അവഗണിക്കപ്പെട്ടെന്ന് കാണിച്ച് എ ഗ്രൂപ്പ് പ്രതിനിധികളായി ഹൈക്കമാൻഡിനെ കണ്ട മൂന്ന് പേരിൽ കെസി ജോസഫും ബെന്നി ബഹനാനും കറകളഞ്ഞ എ ഗ്രൂപ്പുകാരാണ്. എന്നാൽ ഷാഫി പറമ്പിൽ ഇപ്പോൾ എ ഗ്രൂപ്പിലില്ലെന്ന് മാത്രമാണ് താൻ സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായി അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഷാഫി എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായി മാത്രമേ കാണാൻ കഴിയൂ എന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഉണ്ണിത്താൻ രൂക്ഷമായ പ്രതികരണം നടത്തി. സോളാർ കേസ് വന്നപ്പോൾ സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് തലയിൽ മുണ്ടിട്ട് ഓടിയൊളിച്ചവരാണ് ഇന്ന് 'ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്' എന്ന പേരിൽ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഉമ്മൻ ചാണ്ടി അവസാന നാളുകളിൽ ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുമ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി മറ്റൊരാളെ നിർദേശിച്ചുകൊണ്ട് അയച്ച കുറിപ്പ് ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടാണ് അടൂരുകാരനെ സ്ഥാനത്ത് കയറ്റിയതെന്നും ഉണ്ണിത്താൻ ആരോപിച്ചു.

അന്ന് ഉമ്മൻചാണ്ടിയെയും ഭാര്യ മറിയാമ്മയെയും മകൾ മറിയത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ചാനലുകളിൽ കയറിയിറങ്ങി പ്രതിരോധിക്കാൻ താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് വെച്ച് കോടിയേരി ബാലകൃഷ്ണനെതിരെ വാർത്താസമ്മേളനം നടത്തി തിരിച്ചുവരുമ്പോൾ ട്രെയിനിൽ വച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനമേറ്റ് തനിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അന്ന് തന്നെ കാണാൻ ആദ്യം ഓടിയെത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഒരു ജന്മം കൊണ്ട് നേടാവുന്നതെല്ലാം നേടിയെടുത്ത ശേഷം അവസാനഘട്ടത്തിൽ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയവരാണ് ഇപ്പോൾ ഉമ്മൻചാണ്ടിക്ക് വേണ്ടി സംസാരിക്കുന്നതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും 'വിനാശ കാലേ വിപരീത ബുദ്ധി' എന്നേ ഇപ്പോൾ പറയുന്നുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടുതൽ പ്രകോപിപ്പിച്ചാൽ ഡയറിയിലുള്ള പല വിവരങ്ങളും പുറത്തുവിടുമെന്നും അത് ചിലരുടെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറുന്നതാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പാർട്ടിയിൽ എന്നും താൻ ഒറ്റയാനാണെന്നും കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം നിലകൊണ്ടത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. എംപിയാകുമെന്ന് പോലും പ്രതീക്ഷിച്ചിട്ടില്ല. ഇപ്പോൾ മൂന്നാം വട്ടം തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നവർ ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഒരിക്കൽ പറഞ്ഞാൽ തരാതരം പോലെ മാറ്റിപ്പറയുന്നവനല്ല താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Kasaragod MP Rajmohan Unnithan launched a sharp attack against fellow Congress leaders Shafi Parambil and Rahul Mamkootathil, declaring he does not need a certificate from the "Oommen Chandy School of Politics." Accusing "box-carriers" and fake IDs of orchestrating coordinated cyberattacks against him and his son from Adoor, Unnithan warned he would reveal details from his diary and unmask hypocrisy if provoked further. He challenged Shafi Parambil to a public debate, mocked claims that Shafi belongs to the 'A' group, and alleged that Oommen Chandy's Youth Congress president recommendation from Bengaluru was ignored in favor of Rahul Mamkootathil. Unnithan also denied rumors of his son joining the BJP, referenced V.D. Satheesan and the planetarium attack, and maintained he remains a lone voice speaking uncomfortable truths within the party.