Kerala

'സീനിയോരിറ്റി പരിഗണിച്ചില്ല'; നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല, ഹൈക്കമാന്‍ഡ് നടപടിയില്‍ കടുത്ത അതൃപ്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യങ്ങളെ കാണാനും മുന്‍ പ്രതിപക്ഷ നേതാവ് വിസമ്മതിച്ചു

Madism Desk

11 ദിവസത്തെ ചർച്ചകൾക്കൊടുവിൽ വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്റിന്റെ തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്റെ സീനിയോരിറ്റിയെ പരിഗണിച്ചില്ലന്നും അച്ചടക്കം പാലിച്ചിട്ടും അവഗണന നേരിട്ടുവെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിൽ ഇനി ഒരു അവസരം തനിക്കില്ലെന്നത് പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും ഒപ്പം മന്ത്രിസഭയിൽ ചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യങ്ങളെ കാണാൻ വിസമ്മതിച്ചുകൊണ്ടു തന്റെ വസതിയിൽ നിന്നും ചെന്നിത്തല ഗുരുവായൂരിലേക്ക് യാത്രയായി. കേരള മുഖ്യമന്ത്രി പദവിയിലേക്ക് വിഡി സതീശനൊപ്പവും കെസി വേണുഗോപാലിനൊപ്പവും അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന ചെന്നിത്തലയ്ക്ക് ഇന്നലെ വൈകിട്ട് വരെ സാധ്യതകള്‍ നിലനിന്നിരുന്നു.

വി.ഡി സതീശൻ മുഖ്യമന്ത്രിയാവാതിരിക്കാൻ കെ.സി വേണു​ഗോപാൽ ചരടുവലിച്ചാൽ ചെന്നിത്തല അനുകൂല നിലപാട് ഹൈക്കമാൻഡിൽനിന്ന് ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രവചിക്കപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെ ചെന്നിത്തലയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. സൈബറിടത്തിലും എക്സിറ്റ് പോളിന് പിന്നാലെയുണ്ടായ വി.ഡി ജനവികാരവും ചെന്നിത്തലയെ ചിത്രത്തിൽനിന്ന് തന്നെ ഇല്ലാതാക്കുകയായിരുന്നു. കെ.സി വേണു​ഗോപാൽ കഴിഞ്ഞാൽ എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തലയാണ് മുന്നിലെന്ന കാര്യവും പരി​ഗണിക്കപ്പെട്ടില്ല. ​ഗ്രൂപ്പുകൾക്ക് അതീതമായി നിലപാട് സ്വീകരിക്കപ്പെട്ടതും തിരിച്ചടിയായി.

English Summary: Senior Congress leader Ramesh Chennithala has reportedly expressed strong dissatisfaction after being overlooked for Kerala’s Chief Minister post, with VD Satheesan chosen instead. Citing ignored seniority and internal disappointment, Chennithala is said to be skipping the legislative party meeting and refusing a cabinet role.