കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ ജാമ്യം അനുവദിച്ചതിൽ കൂടുതൽ വിശദീകരണം നൽകി കോടതി. കേസിൽ പ്രഥമദൃഷ്ട്യാ രഞ്ജിത്തിനെതിരെ തെളിവുകളുണ്ട്. പരാതിയുടെ വസ്തുതയിലേക്ക് കൂടുതൽ ഈ ഘട്ടത്തിൽ കോടതി കടക്കുന്നില്ല. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യം അഞ്ച് വർഷത്തിന് താഴെ പരാമവധി ശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ പ്രതിയുടെ ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചാണ് ജാമ്യം നൽകിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഉന്നതല ബന്ധമുള്ളയാളാണ് രഞ്ജിത്തെന്നും ജാമ്യത്തിലിറങ്ങിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. മറുപടിയായി സാക്ഷികളെ യാതൊരുവിധത്തിലും കാണാനോ സംസാരിക്കാനോ ശ്രമിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍റെ വാദം തള്ളാതെ കോടതി ഇക്കാര്യത്തില്‍ കർശനമായി പ്രതി ഉപാധികള്‍ പാലിക്കണമെന്നും എന്തെങ്കിലും തരത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മരുന്ന് കഴിക്കാതിരിക്കുന്നത് നിസ്സഹകരണ നിലപാടായി കാണാനാവില്ലെന്നും കഴിഞ്ഞ ദിവസം പ്രതിഭാഗം വാദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ ജാമ്യഹർജിയുടെ ആദ്യ വാദത്തിനിടെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. സിനിമയുടെ ചിത്രീകരണ സമയത്ത് അഭിനയം പ്രതീക്ഷിച്ച നന്നായില്ലെന്ന വിലയിരുത്തലിനെ തുടർന്ന് വിമർശിക്കുകയും ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നുവെന്നും. ഇതുമായി ബന്ധപ്പെട്ട വിരോധമാണ് പരാതിക്ക് പിന്നിലെന്നുമാണ് പ്രതിഭാഗത്തിന്‍റെ ആരോപണം.
ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവനടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. രഞ്ജിത്ത് സംഭവത്തിന് ശേഷം നടിയെ വിളിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്ന് നേരത്തെ അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.
English Summary: The court stated there is prima facie evidence against Ranjith in the sexual assault case, granting bail with strict conditions and warning of cancellation if violated.