Kerala

ലൈംഗികാതിക്രമക്കേസില്‍ രഞ്ജിത്തിന് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ

Madism Desk

കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്ത് നടത്തിയിരിക്കുന്നത് ​ഗുരുതര കുറ്റകൃത്യമാണെന്നും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വാദം അം​ഗീകരിച്ച എറണാകുളം സിജെഎം കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. മറുവശത്ത് രഞ്ജിത്തിന് നട്ടെല്ലിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നുവെന്നും, ഇക്കാര്യം പരി​ഗണിച്ച് ജാമ്യം നൽകണമെന്നും പ്രതിഭാ​ഗം വാദിച്ചെങ്കിൽ കോടതി മുഖവിലയ്ക്കെടുത്തില്ല.

തിങ്കളാഴ്ച്ച വരെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. അതിക്രമം നടന്നായി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്ന കാരവാനിൽ രഞ്ജിത്തിനെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വക്കാലത്തൊഴി‍ഞ്ഞ ഐസിസി അം​ഗം അഡ്വ. മുഹമ്മദ് സിയാദിന് പകരം മുതിർന്ന അഭിഭാഷകനായ അഡ്വ. എസ് രാജീവ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്.

ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. രഞ്ജിത്തിനെ കാണാനായി കാരവാനിൽ എത്തിയപ്പോൾ അദ്ദേഹം ലൈം​ഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അതിക്രമത്തിൽ മോചിതയാകാൻ കൗൺസിലിങ് അടക്കമുള്ള മാർ​ഗങ്ങൾ സ്വീകരിക്കേണ്ടിവന്നുവെന്നും ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ടുവരാൻ മാനസികമായി സാധിച്ചതെന്നും യുവനടിയുടെ പരാതിയിൽ പറയുന്നു. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതിയെ തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

English Summary: Court denied bail to Ranjith in a sexual assault case. The police sought custody to gather more evidence, including examination of the alleged crime scene.