കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആവശ്യം അംഗീകരിച്ചില്ല.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. നിലവിൽ കേസിൽ പ്രതിയായ വ്യക്തിക്ക് ജയിലിൽ കഴിയുമ്പോൾ വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം, വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നുമാണ് രഞ്ജിത്ത് കോടതിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, ജാമ്യഹർജിയിലെ വാദത്തിനിടെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളും പ്രതിഭാഗം ഉന്നയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത് അഭിനയം പ്രതീക്ഷിച്ചതിനൊത്തതല്ലെന്ന വിലയിരുത്തലിനെ തുടർന്ന് വിമർശിക്കുകയും ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതായി കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിരോധമാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം വ്യക്തമാക്കി. സംഭവം നടന്നതായി ആരോപിക്കുന്ന കാലയളവിന് പിന്നാലെ വൈകിയാണ് പരാതി നൽകിയതെന്നും, ചിലരുടെ നിർദ്ദേശങ്ങൾക്കൊടുവിലാണ് പരാതി ഉയർന്നതെന്നും പ്രതിഭാഗം വാദിച്ചു.
English Summary: Court denies interim bail to director Ranjith in sexual assault case while considering police custody request.