Kerala

ഉപയോഗിക്കാത്ത റേഷന്‍ കാര്‍ഡ് മരവിപ്പിക്കല്‍; ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി

റേഷന്‍ വാങ്ങിയാല്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന ആശങ്ക ഉണ്ടാവില്ല. ഇ-കെവൈസി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ വീണ്ടും റേഷന്‍ കാര്‍ഡ് സജീവമായി ഉപയോഗിക്കാം

Madism Desk

റേഷന്‍കാര്‍ഡ് അടിസ്ഥാന രേഖയാണെന്നും ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. റേഷന്‍ കാര്‍ഡ് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. കേന്ദ്രം ഇക്കാര്യം ഔദ്യോഗികമാക്കുന്ന സാഹചര്യം വന്നാല്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കും. അരലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രതിസന്ധിയുള്ളത്.

റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ റേഷന്‍ കടകള്‍ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും. റേഷന്‍ കടകള്‍ വഴി കാമ്പയിന്‍ തുടങ്ങിയതോടെ റേഷന്‍ വാങ്ങാതിരുന്നവര്‍ രണ്ടുമൂന്നു ദിവസമായി വാങ്ങാനെത്തുന്നുണ്ട്. റേഷന്‍ വാങ്ങിയാല്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന ആശങ്ക ഉണ്ടാവില്ല. ഇ-കെവൈസി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ വീണ്ടും റേഷന്‍ കാര്‍ഡ് സജീവമായി ഉപയോഗിക്കാം. അതിനാല്‍, കാര്‍ഡുകള്‍ മരവിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നാണ് വകുപ്പിന്റെ നിഗമനം. പ്രവാസം, മരണം, വരുമാനം വര്‍ദ്ധിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ റേഷന്‍ വാങ്ങാത്തവരുമുണ്ട്.

അഞ്ചു ലക്ഷത്തോളം നീല, വെള്ള കാര്‍ഡുകളാണു മരവിപ്പിക്കല്‍ ഗണത്തില്‍ വരുന്നത്. ഈ കാര്‍ഡുകാര്‍ക്ക് ടൈഡ്ഓവര്‍ വിഹിതത്തില്‍ നിന്നാണ് സംസ്ഥാനം ഭക്ഷ്യധാന്യങ്ങള്‍ നല്‍കിവരുന്നത്. ഇവരെ ഒഴിവാക്കുന്നതു കേന്ദ്രം ഇപ്പോള്‍ പരിഗണിക്കാത്തതിനാല്‍, ഇവരുടെ കാര്യത്തില്‍ ആശങ്ക നിലവിലില്ല. മുന്‍ഗണന വിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റാനുള്ള അവകാശവും അധികാരവും സംസ്ഥാനത്തിനു നിലനിര്‍ത്തണമെന്ന ആവശ്യം കഴിഞ്ഞദിവസം കേന്ദ്രഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കഴിഞ്ഞ ആറുമാസമായി റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാത്ത 58 കോടി ഗുണഭോക്താക്കള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇവരെ ഒഴിവാക്കി പൊതുവിതരണ സംവിധാനത്തിന്റെ ഡാറ്റാ ബേസ് പുതുക്കാന്‍ ആണ് നീക്കം. റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍, ഇരട്ടിപ്പുകള്‍, സംശയാസ്പദമായവരുമായ ഗുണഭോക്താക്കള്‍ എന്നിവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് നീക്കം.

പൊതുവിതരണ സംവിധാനത്തിന്റെ ഡാറ്റാ ബേസ് പുതുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍, ആധാറുമായി ബന്ധിപ്പിക്കല്‍, ഇ-കെവൈസി എന്നിവയായിരുന്നു ഇതിനായി ഉപയോഗിച്ചത്. എന്നാല്‍, കാര്‍ഡുകള്‍ സ്ഥിരമായി ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ പേരുകള്‍ ഡാറ്റാബേസില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യില്ല. ആദ്യം അവരുടെ റേഷന്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കും. ഇക്കാലയളവില്‍ തങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് മൂന്ന് മാസത്തെ സമയം നല്‍കും. ഈ കാലയളവിനുള്ളില്‍ ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡുകള്‍ വീണ്ടും ആക്ടീവാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ആറുമാസത്തിനിടെ ഭക്ഷ്യധാന്യ വിഹിതം ഒന്നും തന്നെ കൈപ്പറ്റാത്ത 'സൈലന്റ് റേഷന്‍ കാര്‍ഡുകള്‍' (നിഷ്‌ക്രിയ കാര്‍ഡുകള്‍) പരിശോധിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് ഈ മൂന്ന് മാസത്തെ സാവകാശം. ഭേദഗതി വരുത്തിയ 'ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍' പ്രകാരം ഇത്തരം കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനും, തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ ഫീല്‍ഡ് പരിശോധനയും ഇ-കെവൈസിയും നടത്തി അന്തിമ നടപടി സ്വീരകരിക്കാനും അനുവദിക്കുന്നുണ്ട്. യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് ഭക്ഷ്യധാന്യം എത്തുന്നുവെന്ന് ഉറപ്പാക്കാനും, ഇരട്ടിപ്പുള്ള കാര്‍ഡുകള്‍, മരിച്ചവര്‍, കുടിയേറിയവര്‍ അല്ലെങ്കില്‍ അര്‍ഹതയില്ലാത്തവര്‍ എന്നിവരിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനുമാണ് സര്‍ക്കാരിന്റെ നീക്കം.

Kerala Food Minister Anoop Jacob said ration cards are a basic document and that the state is taking steps to reactivate cards of beneficiaries who have not purchased ration for six months. The government’s policy is not to deny ration cards to anyone, he said, adding that the state will take steps to protect existing cards. The Centre has not yet officially informed the state about freezing ration cards. Around 50,000 priority ration cards are currently facing uncertainty in Kerala. The state is collecting information on beneficiaries who have not been purchasing ration through ration shops and plans to identify them and inform them about the Centre’s proposed measures. Officials say beneficiaries can continue using their cards by purchasing ration and completing e-KYC.