പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ സമഗ്രമായ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ച് സംസ്ഥാന സർക്കാർ. നിലവിലെ നിയമം പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് നൽകുന്ന സംരക്ഷണങ്ങൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ അവകാശങ്ങളും ദുരിതങ്ങളും പരിഗണിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് രമേശ് ചെന്നിത്തല കത്തയച്ചു.
നിലവിലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേക നിയമപരിരക്ഷകളും പരിഗണനകളും ലഭിക്കുന്നുണ്ട്. എന്നാൽ, ഈ നിയമപരിരക്ഷകൾ കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് നീതി ഉറപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ടോയെന്ന ചോദ്യം അടുത്തകാലത്തായി ശക്തമായിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തത്തിലും വന്ന മാറ്റങ്ങൾ കണക്കിലെടുത്ത് നിയമത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ശ്രീകാര്യത്ത് 16 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു 16 വയസ്സുകാരൻ പ്രതിയായ സംഭവം നിയമത്തിന്റെ പരിധിയും പരിരക്ഷകളും സംബന്ധിച്ച ചർച്ചകൾക്ക് വഴിവച്ചിരുന്നു. സമാനമായി എറണാകുളത്തുണ്ടായ വാഹനാപകടങ്ങളിലും പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ സംരക്ഷണം ലഭിച്ചെന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രതികളുടെ പ്രായപരിധി സംബന്ധിച്ച നിലവിലെ നിയമവ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതിയും ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര സർക്കാരിനെ സമീപിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമം ജുവനൈൽ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ ഇരകളുടെ ദുരിതങ്ങളും നീതിക്കായുള്ള ആവശ്യങ്ങളും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നാണ് കത്തിലെ പ്രധാന വിമർശനം.
പ്രായപൂർത്തിയാകാത്ത പ്രതികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അതിന്റെ പേരിൽ ഇരകളുടെ അവകാശങ്ങളും വികാരങ്ങളും അവഗണിക്കപ്പെടരുത്. കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിൽ നിയമവ്യവസ്ഥകൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നിർണായക ഘടകങ്ങളായി മാറുന്നുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. സാങ്കേതികവിദ്യയുടെയും സാമൂഹിക സാഹചര്യങ്ങളുടെയും മാറ്റങ്ങൾ കുറ്റകൃത്യങ്ങളുടെ രീതികളിലും സ്വഭാവത്തിലും പ്രതിഫലിക്കുന്നുണ്ട്. അതിനാൽ പഴയ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ നിയമവ്യവസ്ഥകൾ അതേപടി തുടരുന്നതിന് പകരം പുതിയ വെല്ലുവിളികൾ കൂടി കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
ജുവനൈൽ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നിയമപരിഷ്കരണമാണ് ആവശ്യമെന്ന് കത്ത് വ്യക്തമാക്കുന്നു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവിക്കും സംസ്ഥാന ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.
Kerala has approached the Central Government seeking comprehensive amendments to the Juvenile Justice Act. Pointing out that the law protecting minor offenders overlooks victims' rights, the state has called for a review of the legislation in light of emerging challenges.