Sabarimala Gold Theft Case Image Credit: facebook
Kerala

ശബരിമല സ്വർണപാളികളിൽ പരിശോധന; ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിലേക്കയക്കാൻ അനുമതി

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പരിശോധനാഫലം വന്നതിന് ശേഷമാണ് എസ് ഐ ടി കുറ്റപത്രം സമർപ്പിക്കുകയെന്നാണ് റിപ്പോർട്ട്

Madism Desk

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലുള്‍പ്പെട്ട പാളികളിൽ ശാസ്ത്രീയ പരിശോധനകൾക്കുള്ള അനുമതി നൽകി ഹൈക്കോടതി ദേവസ്വം ബെഞ്ച്. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചറിയാനാണ് പരിശോധനകൾ നടത്തുന്നത്. 1998-ൽ സ്ഥാപിച്ച പാളികളാണോ നിലവിലുള്ളതെന്നും, അവ മാറ്റിയ ശേഷം പഴയ ചെമ്പിൽ വീണ്ടും സ്വർണംപൂശി വെച്ചതാണോ എന്നുമാണ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിലാകും പാളികളുടെ പരിശോധന നടക്കുക.

ഈ മാസം 12-ന് ശബരിമലയിൽനിന്ന് 12 സാമ്പിളുകൾ ശേഖരിക്കാനാണ് കോടതി അന്വേഷണസംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടത്തിയ പരിശോധനാഫലങ്ങളിലും ശാസ്ത്രജ്ഞരുടെ മൊഴിയിലും വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിൽ പരിശോധന നടത്താൻ അനുമതി നൽകിയത്.

രണ്ടര മണിക്കൂറോളം നീണ്ട വിചാരണക്കൊടുവിലാണ് ഹൈക്കോടതി നിർദ്ദേശം. എസ്ഐടി അന്വേഷണസംഘം സ്വർണപ്പാളികളുടെ കാര്യത്തിൽ വ്യക്തത വന്നതിന് ശേഷം മാത്രമാകും കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം നടത്തുക. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പരിശോധനാഫലം വന്നതിന് ശേഷമാണ് എസ് ഐ ടി കുറ്റപത്രം സമർപ്പിക്കുകയെന്നാണ് റിപ്പോർട്ട്. കേസ് ഈ മാസം 19-ന് കോടതി വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.

English Summary: The Kerala High Court has permitted scientific testing of the gold-coated plates at Sabarimala to verify alleged alterations. Samples will be sent to a national laboratory under the Bhabha Atomic Research Centre