Kerala

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്;‌ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

പോറ്റി കള്ളനാണോ കൊള്ളക്കാരനാണോ എന്നറിയുന്നതിനു മുൻപ് പരിചയം ഉണ്ടായെന്നു കരുതി, ആ വ്യക്തി നടത്തിയ കൊള്ളയിൽ തനിക്ക് എങ്ങനെ ബന്ധമുണ്ടാകുമെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് ചോദിച്ചു.

Athira Thookkaav

വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ‌ഉണ്ണികൃഷ്ണൻ പോറ്റിയും, അടൂർ പ്രകാശും, ഒന്നിച്ചുള്ള ചിത്രങ്ങളും, എസ്ഐടി തെളിവുകളായി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.

എന്നാൽ എസ്ഐടിയുടെ ഈ സമീപനത്തെ അടൂർ പ്രകാശ് തള്ളിയിരിക്കുകയാണ്. പോറ്റി കള്ളനാണോ കൊള്ളക്കാരനാണോ എന്നറിയുന്നതിനു മുൻപ് പരിചയം ഉണ്ടായെന്നു കരുതി, ആ വ്യക്തി നടത്തിയ കൊള്ളയിൽ തനിക്ക് എങ്ങനെ ബന്ധമുണ്ടാകുമെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് ചോദിച്ചു. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് തീരുമാനം.

കേസിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിനു മുൻപ് പോറ്റിയുടെ നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ലക്ഷ്യം. 2017 മുതൽ 2025 വരെയുള്ള പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ പോറ്റിയെ ചോദ്യം ചെയ്തു. മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തു.

English Summary: UDF Convener Adoor Prakash was questioned by the Special Investigation Team in connection with the Sabarimala gold plating case, following allegations of links with the accused.