ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ ജയറാമിന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ക്ലീൻചിറ്റ്. ജയറാമിന് സ്വർണക്കൊള്ളയുമായി നേരിട്ടോ പരോക്ഷമായോ ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചില ചടങ്ങുകളിൽ പങ്കെടുപ്പിച്ചതെന്നും അന്വേഷണസംഘം വിലയിരുത്തി. മൊഴികളിൽ രേഖപ്പെടുത്തിയ തീയതികളിൽ വ്യത്യാസം ഉണ്ടായതിൽ അസാധാരണതയോ ദുരൂഹതയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഘട്ടത്തിൽ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായി ജയറാമിനെ ഉൾപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
ചെന്നൈയിലെ ജയറാമിന്റെ വസതിയിലെത്തിയാണ് എസ്‌ഐടി സംഘം നേരത്തെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയവും ബന്ധവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു ചോദ്യം ചെയ്യൽ. സ്വർണപ്പാളികളുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ ജയറാം പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
പോറ്റിയെ ശബരിമലയിൽ വച്ച് പരിചയപ്പെട്ടതാണെന്നും, പൂജയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനെ തുടർന്നാണ് ചടങ്ങിൽ പങ്കെടുത്തതെന്നുമാണ് ജയറാം അന്വേഷണസംഘത്തോട് വിശദീകരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി വിവിധ പരിപാടികൾക്ക് ക്ഷണിക്കാറുണ്ടായിരുന്നുവെന്നും, ശബരിമലയിൽ മേളം സംഘടിപ്പിക്കാമോയെന്ന് ഒരിക്കൽ ചോദിച്ചതായും ജയറാം മൊഴി നൽകിയിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ചടങ്ങ് പിന്നീട് വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും ജയറാം വ്യക്തമാക്കിയതായി എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.
English Summary: The Special Investigation Team (SIT) has given actor Jayaram a clean chit in the Sabarimala gold smuggling case, stating he has no direct or indirect links to the crime or financial dealings with the accused