Kerala

ശരിക്കും ആ ഗേറ്റ് തുറന്നത് പത്ത് വര്‍ഷത്തിനു ശേഷമോ? സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച

സമരഗേറ്റ് എന്നാണ് നോര്‍ത്ത് ഗേറ്റ് അറിയപ്പെടുന്നത്

Madism Desk

വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റ്. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഗേറ്റ് തുറക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

സമരഗേറ്റ് എന്നാണ് നോര്‍ത്ത് ഗേറ്റ് അറിയപ്പെടുന്നത്. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ഗേറ്റ് പൂട്ടിയിട്ടിരുന്നത്. സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ ഈ ഗേറ്റ് തുറന്നിടാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി തുറക്കാത്ത ഗേറ്റാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്ന് വലിയ രീതിയില്‍ പ്രചാരണം നടക്കുകയും ചെയ്തു.

യുഡിഎഫ് അനുകൂലികള്‍ ഈ വാര്‍ത്തയെ ആഘോഷമാക്കുമ്പോള്‍ ഇടതുപക്ഷത്തെ സൈബര്‍ അണികള്‍ പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നു. പത്ത് വര്‍ഷമായി നോര്‍ത്ത് ഗേറ്റ് തുറക്കാറില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നാണ് ഇടതുപക്ഷ അനുകൂലികള്‍ പറയുന്നത്.

പഴയ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ഇടത് സൈബര്‍ ടീമിന്റെ പ്രതിരോധം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നോര്‍ത്ത് ഗേറ്റ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുറന്നിട്ടുണ്ട്. അന്ന് ആ വാര്‍ത്ത ഇതേ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെന്ന് ഇടതുപക്ഷ അനുകൂലികള്‍ വാദിക്കുന്നു. പഴയ വാര്‍ത്തയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത പ്രകാരം 2023 മാര്‍ച്ച് 29 നു നോര്‍ത്ത് ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വാര്‍ത്ത മിക്ക മുന്‍നിര ചാനലുകളിലും വന്നിട്ടുണ്ട്.

എന്തായാലും സമരങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും വന്നാല്‍ മുന്‍പ് ചെയ്തിരുന്നതുപോലെ നോര്‍ത്ത് ഗേറ്റ് അടച്ചിടുമെന്ന് തന്നെയാണ് ഇപ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ പറയുന്നത്.

English Summary: The reopening of the Secretariat North Gate in Kerala has sparked heated debate on social media following V. D. Satheesan assuming office as Chief Minister. Several media reports claimed that the gate, popularly known as the “protest gate,” had been opened for the first time in ten years after remaining shut due to security concerns linked to protests and demonstrations.