തൃശ്ശൂർ: രാജ്യത്തെ പാചകവാതക ക്ഷാമത്തെക്കുറിച്ചും പെട്രോൾ വില വർധനവിനെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ റോഡരികിൽ നിന്നല്ല മറുപടി നൽകേണ്ടതെന്നും വിവരങ്ങൾ അറിയണമെങ്കിൽ ഡൽഹിയിലെ മന്ത്രാലയത്തിൽ വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതേസമയം, പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് തന്റെ വസതിയിലെത്തിയ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ അനിലിനെതിരെ സുരേഷ് ഗോപി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. മന്ത്രിയുടെ സന്ദർശനം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ആരോപിച്ചു. നെടുമങ്ങാട് എംഎൽഎ കൂടിയായ ജി.ആർ അനിലിന് വക്രബുദ്ധിയാണെന്നും ഇതിനുള്ള മറുപടി വോട്ടർമാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് അർഹമായ പാചകവാതക വിഹിതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജി.ആർ അനിൽ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയെ നേരിൽ കണ്ടത്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളെ 'വൈകൃതം' എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. വിട്ടുവീഴ്ചകൾ ചെയ്താൽ രാജ്യത്തെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ പോലും തകർക്കാൻ പ്രതിപക്ഷം മടിക്കില്ലെന്ന രൂക്ഷമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടുകൾ നാടിന്റെ പുരോഗതിക്ക് തടസ്സമാണെന്നും അപകടകരമായ രീതിയിലാണ് അവരുടെ നീക്കങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരാണെന്നും കുത്തിത്തിരിപ്പുകൾ നടത്തുന്നവരെ അവർ തിരിച്ചറിയും. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാത്ത സാഹചര്യം ഉറപ്പാക്കും. സർക്കാരിന്റെ വീഴ്ചകൾ ചോദ്യം ചെയ്യാനും കൃത്യമായ ഇടപെടലുകൾ നടത്താനും ശക്തമായ ഒരു ജനകീയ ശബ്ദം നിയമസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി
English Summary: Suresh Gopi avoided direct responses on the LPG crisis and fuel price hike, stating that such matters should be addressed at the ministry level in Delhi. He also criticized opposition leaders, including G. R. Anil, accusing them of politicizing serious issues.