Kerala

'കേരളത്തില്‍ എയിംസ് വരും' അതിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഞാൻ വരില്ല; സുരേഷ് ഗോപി

കേന്ദ്ര ബജറ്റില്‍ പരാമർശിച്ചില്ലെങ്കിലും, കേരളത്തില്‍ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Madism Desk

തൃശൂര്‍: കേന്ദ്ര ബജറ്റില്‍ പരാമർശിച്ചില്ലെങ്കിലും, കേരളത്തില്‍ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ വാക്കുകള്‍ വക്രീകരിക്കരുതെന്നും, എയിംസ് വന്നാല്‍, അതിന്റെ മഹത്വം തനിക്ക് മാത്രമായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ എയിംസിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ താൻ വരില്ലെന്നും, അല്ലാതെ തന്നെ അടുത്ത തവണ വിജയിക്കാൻ മറ്റനേകം കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

'എയിംസ് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മറുപടി പിന്നീട്. ഒരാഴ്ച്ച കഴിഞ്ഞ് എല്ലാ കാര്യങ്ങളും പറയാം. ബജറ്റില്‍ ഇല്ലാത്ത വന്ദേഭാരത് എങ്ങിനെ എത്തി? അതുപോലെ എയിംസും വരും. എയിംസിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ ഞാന്‍ വരില്ല' അദ്ദേഹം ആവര്‍ത്തിച്ചു.

ഇതോടൊപ്പം, തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. 'കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ ഞാൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞു. ആ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് പറഞ്ഞതാണ് എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകും?' സുരേഷ് ഗോപി ചോദിച്ചു. തന്‍റെ മൊഴി റിപ്പോർട്ടില്‍ നിഴലിച്ചുപോലും കണ്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

English Summary: Union Minister Suresh Gopi stated that AIIMS will come to Kerala despite not being mentioned in the Union Budget.