Thrissur blast - representative image 
Kerala

തൃശൂർ വെടിക്കെട്ട് ദുരന്തം: 13 മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

അപകടം നടന്നത് മുണ്ടത്തിക്കോട് വെടിക്കെട്ട്പുരയില്‍

Madism Desk

മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ പത്തുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസമയം മുപ്പതിനും നാൽപ്പതിനും ഇടയിൽ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. നിലവിൽ 23 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷിന്റെ ഉടമസ്ഥതയിലുള്ള പുരയിലാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ സമീപത്തെ പാടശേഖരങ്ങളിലേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരണവും സുരക്ഷാ വീഴ്ചകളും വിശദമായി പരിശോധിക്കാൻ തൃശ്ശൂർ ആർഡിഒയെ ചുമതലപ്പെടുത്തി. വൈകിട്ട് ആറ് മണിയോടെ വെടിപ്പുരയിലെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചതായി കളക്ടർ അറിയിച്ചു.

ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിച്ചിരുന്ന അഞ്ച് താൽക്കാലിക പുരകൾ പൂർണ്ണമായും തകർന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രണ്ട് വലിയ സ്ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്. പടക്ക സാമഗ്രികൾ ഇപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നതും കനത്ത പുകയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Thrissur Blast 1.jpg

ലൈസൻസി സതീഷ് ഉൾപ്പെടെ നാൽപ്പതോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലും സമീപത്തെ മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. സ്ഫോടനസമയത്ത് കൃത്യം എത്രപേർ ജോലിയിലുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അപകടസ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് ആദ്യം ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് രക്ഷാപ്രവർത്തകർ അപകടസ്ഥലത്തെത്തിയത്. സ്ഫോടകവസ്തുക്കൾ ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന ആശങ്കയിൽ അതീവ ജാഗ്രതയോടെയാണ് പരിശോധനകൾ നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Thrissur Blast 2.jpg

ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച മുഖ്യമന്ത്രി, പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനം തേടാനും നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യം, റവന്യു, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.

English Summary: The death toll from the massive explosion at the Mundathikode fireworks manufacturing unit has risen to nine, with over forty others injured. District Collector Shikha Surendran has ordered a magisterial probe into the incident, appointing the Thrissur RDO to investigate the cause of the blast. Chief Minister Pinarayi Vijayan intervened to ensure emergency medical aid, stating that specialist doctors from outside the state would be brought in if necessary for the critically injured. Rescue operations are ongoing at the site, which was preparing fireworks for the upcoming Thrissur Pooram sample display when the tragedy struck.