Kerala

തീപിടിച്ചത് പാടത്തെ പടക്കശാലയ്ക്ക്, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി; ഉഗ്രശബ്ദം കിലോമീറ്ററുകൾ അപ്പുറത്തേക്കും

സ്ഫോടനമുണ്ടായത് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന പടക്കനിർമാണ കേന്ദ്രത്തിൽ

Madism Desk

തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന പടക്കനിർമാണ കേന്ദ്രത്തിൽ നടന്ന സ്‌ഫോടനത്തിൽ ഞെട്ടി മുണ്ടത്തിക്കോട് ഗ്രാമം. പൂരത്തിനായുള്ള വെടിക്കെട്ട് മരുന്നുകളും സാമഗ്രികളും സൂക്ഷിച്ചിരുന്ന സ്ഥലമാണിത്. കനത്ത ചൂടിനെ തുടർന്നാണോ സ്‌ഫോടനം ഉണ്ടായതെന്ന സംശയമുണ്ടെങ്കിലും യഥാർഥ കാരണം വ്യക്തമായിട്ടില്ല.

തിരുവമ്പാടി വെടിക്കെട്ടിന്റെ ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. വലിയ പാടത്തിനു സമീപമാണ് പടക്കശാല സ്ഥിതിചെയ്യുന്നത്. ആളൊഴിഞ്ഞ സ്ഥലമായതിനാൽ മാത്രം വലിയൊരു അപകടം ഒഴിവായി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സമീപത്തെ പാടത്ത് മുഴുവൻ പടക്കങ്ങൾ തെറിച്ചുവീണ് പൊട്ടുന്നുണ്ട്.

ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിനു സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനത്തിനായി അകത്തേക്കു കടന്നത്. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകൾ അപ്പുറത്തേക്കും കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനും പൊള്ളലേറ്റിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും സ്‌ഫോടനമുണ്ടായത് വലിയ തിരിച്ചടിയായി. ഇതേത്തുടർന്ന് രക്ഷാപ്രവർത്തനത്തിൽ തടസം നേരിട്ടു. പൊട്ടിത്തെറി ശബ്ദം ഉണ്ടായ ഉടനെ പടക്കനിർമാണ ശാലയിലെ തൊഴിലാളികൾ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. നാൽപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണ്.

സ്‌ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാൻ നിർദേശം നൽകി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകി.