കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളെ കളത്തിലിറക്കി ട്വന്റി-ട്വന്റി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ മത്സരിച്ചേക്കും. ഏറ്റുമാനൂരിൽ വീണാ നായരും പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികളാകും. ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ സ്ഥാനാർത്ഥി പട്ടികയിൽ സെലിബ്രറ്റികളെ ഉൾപ്പെടുത്തുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാരെ പാർട്ടിയിലെത്തിച്ച ശേഷം ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് പ്രഖ്യാപിച്ചിരുന്നു.
വിവിധ രാഷ്ട്രീയ വേദികളിൽ പങ്കെടുത്ത അനുഭവമുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായാണെന്ന് അഞ്ജലി നായർ പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സൗഹൃദം നിലനിർത്തുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കുടുംബ ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സ്ഥാനാർത്ഥിത്വത്തിന് കുടുംബ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പശ്ചാത്തലം ഇല്ലെങ്കിലും ജനങ്ങളോടൊപ്പം പ്രവർത്തിക്കാനാണ് ലക്ഷ്യമെന്നും അഞ്ജലി പറഞ്ഞു. തൃപ്പൂണിത്തുറയിലെ ജനങ്ങളോട് അടുത്ത ബന്ധം പുലർത്തി അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ ശ്രമിക്കുമെന്ന ഉറപ്പും അഞ്ജലി നൽകി.
പെരുമ്പാവൂരിൽ മത്സരിക്കുന്ന ലക്ഷ്മിപ്രിയ, മുൻപ് ബിജെപി വേദികളിൽ സജീവമായിരുന്നുവെന്നും ഇപ്പോൾ തെരഞ്ഞെടുപ്പിലൂടെ പുതിയ രാഷ്ട്രീയ ഇടപെടലിലേക്ക് കടക്കുകയാണെന്നും അറിയിച്ചു. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ വീണാ നായർ, വിദ്യാർത്ഥി രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ് മത്സരത്തിലേക്ക് എത്തുന്നതെന്ന് പ്രതികരിച്ചു. മുമ്പ് എസ്എഫ്ഐയിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ ആയിരുന്നുവെന്നും ഇപ്പോൾ മാറ്റങ്ങളുടെ ഭാഗമാകുന്നു എന്നും വീണ വ്യക്തമാക്കി.
English Summary: Twenty20 has fielded film actresses as candidates for the Kerala Assembly elections, with Anjali Nair contesting from Tripunithura along with others.