അധികാരമേറ്റ് ഒരാഴ്ച ആകുമ്പോഴേക്കും വി.ഡി. സതീശൻ സർക്കാർ വിവാദച്ചുഴിയിൽ. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചതാണ് സതീശൻ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്നു ഖേൽക്കർ.
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അവിടെ ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന മനോജ് അഗർവാളിനെ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരി തന്റെ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് വിമർശിച്ച അതേ കാര്യം ഇപ്പോൾ കേരളത്തിൽ വി.ഡി. സതീശൻ ചെയ്തിരിക്കുകയാണ്. വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രത്തൻ ഖേൽക്കറെ സെക്രട്ടറിയായി തീരുമാനിച്ചത്.
പശ്ചിമ ബംഗാളിലെ സംഭവത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നു എന്ന തരത്തിലാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. 'മോഷണം വലുതെങ്കിൽ പ്രതിഫലവും വലുതായിരിക്കും' എന്നാണ് പശ്ചിമ ബംഗാളിൽ മനോജ് അഗർവാളിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെയുള്ള രാഹുലിന്റെ വിമർശനം. കേരളത്തിലും ഇത് ആവർത്തിച്ചത് ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് വ്യക്തമല്ല.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വിവാദങ്ങളിൽ ഇടംപിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് ഖേൽക്കർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ വന്നപ്പോൾ അതിനെ 'സാങ്കേതിക പിഴവ്' എന്നുപറഞ്ഞ് നിസാരവത്കരിക്കുകയാണ് ഖേർക്കർ ചെയ്തത്. അന്ന് കോൺഗ്രസും ഖേൽക്കറെ വിമർശിച്ചിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കു ഖേൽക്കറുടെ നിയമനത്തിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.
സത്യപ്രതിജ്ഞയിൽ 'മേനോൻ' എന്ന് ചേർത്തത്, ലൈഫ് മിഷൻ പിരിച്ചുവിടാനുള്ള ആലോചന, സത്യപ്രതിജ്ഞയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് തുടങ്ങി ഒന്നിലേറെ വിവാദങ്ങളാണ് അധികാരമേറ്റ് ആദ്യ ആഴ്ചയിൽ തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അതിനു പിന്നാലെയാണ് ഖേൽക്കറിന്റെ നിയമനവും വിവാദമായിരിക്കുന്നത്.
English Summary: The V. D. Satheesan government has faced controversy after appointing former Kerala Chief Electoral Officer Rathan U. Khelkar as the Chief Minister’s secretary. The appointment sparked criticism because Congress had strongly opposed a similar move by the BJP government in West Bengal. Critics say the decision raises questions over the neutrality of election officials and exposes double standards. The controversy comes amid several other debates surrounding the government during its very first week in power.