Kerala

ജനാധിപത്യ പാർട്ടിയിൽ തർക്കങ്ങൾ പതിവാണ്! മന്ത്രിസഭാ പോര് പ്രതിരോധിച്ച് കോൺ​ഗ്രസ്, അന്തിമ തീരുമാനം പ്രഖ്യാപിച്ച് വി.ഡി

യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ആവർത്തിക്കുമ്പോഴും ചിലകോണുകളില്‍നിന്ന് വിമത ശബ്ദങ്ങളുയരുന്നുണ്ട്

Madism Desk

തിരുവനന്തപുരം: മന്ത്രി സഭാ പോരിൽ പ്രത്യയശാസ്ത്ര പ്രതിരോധ തീർത്ത് കോൺ​ഗ്രസ് നേതൃത്വം. ജനാധിപത്യ പാർട്ടിയിൽ ഇത്തരം ചർച്ചകൾ സ്വഭാവികമാണെന്നും ഹിറ്റ്ലർ നയങ്ങളല്ല കോൺ​ഗ്രസിന്റെ പ്രത്യശാസ്ത്രമെന്നും സൈബറിടങ്ങളിൽ വിശദീകരണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഘടകകക്ഷികളുമായി ബന്ധപ്പെട്ടോ, പാർട്ടിക്കുള്ളിലോ മന്ത്രിപദങ്ങളുമായി ബന്ധപ്പെട്ട് യാതൊരുവിധ തർക്കങ്ങളുമില്ലെന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ. ​ഗവർണർക്ക് സമർപ്പിച്ച പട്ടിക അന്തിമമായിരിക്കുമെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഘടകകക്ഷിയായ മുസ്ലിം ലീ​ഗ് യാതൊരുവിധ അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെന്നത് വി.ഡി സതീശന്റെ അവകാശവാദത്തിന് ശക്തിപകരുന്നുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം രാത്രിയോടെ മന്ത്രിസഭാ വകുപ്പുകൾ സംബന്ധിച്ച പട്ടിക ​ഗവർണർക്ക് കൈമാറിയെന്നായിരുന്നു വി.ഡി സതീശൻ അവകാശപ്പെട്ടത്. എന്നാൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീ​ഗിന് നൽകരുതെന്ന തരത്തിൽ അഭിപ്രായമുയർന്നതോടെ റിപ്പോർട്ടുകളുടെ സ്വഭാവം മാറി. മാത്യൂ കുഴൽനാടൻ, വി.ടി ബൽറാം, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾ നേരത്തെ തന്നെ ഉയർന്നുകേട്ടിരുന്നെങ്കിലും ഇവരെ തഴഞ്ഞത് വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കി. ഇതിനിടെ ഇടതുകേന്ദ്രങ്ങൾ തമ്മിൽത്തല്ലിൽ വലിയ വിമർശനങ്ങൾ കൂടെ ഉയർത്തിയതോടെ കോൺ​ഗ്രസ് പ്രതിരോധത്തിലുമായി. 'ജനാധിപത്യ പാർട്ടി'യെന്ന പ്രത്യശാസ്ത്ര വിശദീകരണം ഉയർത്തി സൈബർ കോൺ​ഗ്രസ് ഇടതു കേന്ദ്രങ്ങളുടെ പ്രചരണത്തിൽ തിരിച്ചടിക്കുന്നുണ്ട്.

അന്തിമ പട്ടികയിൽ ഇവർ;

വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും നയിക്കുമെന്നാണ് ​ഗവർണർക്ക് നൽകിയ പട്ടികയിൽ വി.ഡി വ്യക്തമാക്കിയിരിക്കുന്നത്. സണ്ണി ജോസഫ് വൈദ്യുതി വകുപ്പും പി കെ ബഷീർ പൊതുമരാമത്ത് വകുപ്പും ഭരിക്കും. കെ എം ഷാജി തദ്ദേശ ഭരണ വകുപ്പും ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പും പി സി വിഷ്ണുനാഥ് ടൂറിസം സാംസ്കാരികം സിനിമ വകുപ്പും എം ലിജു സഹകരണം എക്സൈസ് വകുപ്പും നയിക്കും. പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പുകളും എൻ ഷംസുദീനായിരിക്കും. ആരോഗ്യം, ദേവസ്വം വകുപ്പുകളുമാണ് കെ മുരളീധരന് നൽകിയിട്ടുള്ളത്. ഗതാഗത വകുപ്പ് സിപി ജോണിനും കൃഷി വകുപ്പ് സിദ്ദിഖിനുമാണ്. പിന്നാക്ക ക്ഷേമം തുളസി, സിവിൽ സപ്ലൈസ് അനൂപ് ജേക്കബ്, യുവജന ക്ഷേമം ഒ ജെ ജനീഷ് എന്നിവരായിരിക്കും നയിക്കുക.

English Summary: V. D. Satheesan and the Indian National Congress leadership have defended the ongoing cabinet-related discussions, calling them a natural part of democratic politics. Amid criticism over ministerial selections and alliance concerns, Satheesan maintains that the final cabinet list submitted to the Governor will remain unchanged.