Kerala

ആശമാര്‍ക്ക് 3000, ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ജനപ്രിയം ആദ്യ ദിനം

വി ഡി സതീശന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

Madism Desk

തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ യുഡിഎഫ് മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണത്തിന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ആരംഭിക്കും. വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വി ഡി സതീശന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവരുടെ ഓണറേറിയവും സർക്കാർ വർധിപ്പിച്ചു. ആശാ വർക്കർമാർക്ക് 3000 രൂപയും, അങ്കണവാടി വർക്കർമാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ വീതവും വർധനവ് അനുവദിച്ചു. പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപയുടെ വർധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മെയ് 21 ന് നിയമസഭ സമ്മേളനം നടക്കുമെന്നും, 22ാം തിയതി സ്പീക്കറെ തിരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി. അസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാനെതിരായ മർദനക്കേസ് എസ്‌ഐടി അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ 13 മത് മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. കൂടെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാൽ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

English Summary: Kerala Chief Minister V D Satheesan announced that two major promises under the UDF’s Indira Guarantees will be implemented soon after the first cabinet meeting. From June 15, women will be allowed to travel free on KSRTC buses across the state. The government also decided to create a separate department for senior citizens, a first-of-its-kind initiative in India. In addition, honorariums for ASHA workers, Anganwadi staff, cooking workers, pre-primary teachers, and ayahs were increased. The Chief Minister also announced the upcoming Assembly session and key administrative appointments.