Kerala

'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം'; വി ഡി സതീശനെതിരെ പാർട്ടിയിൽ പരസ്യപ്പോര്

സജീവ ആർഎസ്എസ് പ്രവർത്തകനായ ഡി എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്

Madism Desk

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവും തമ്മിൽ ആരംഭിച്ച തർക്കം കോൺഗ്രസിനുള്ളിൽ വലിയ ചേരിതിരിവിനും പരസ്യവിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് വക്താക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെപിസിസി വക്താവ് ജിന്റോ ജോൺ, വി ആർ അനൂപ് തുടങ്ങിയവർ മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായും പ്രത്യക്ഷമായും രംഗത്തെത്തിയപ്പോൾ, സതീശനെ അനുകൂലിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ തിരിച്ചടിച്ചു.

സജീവ ആർഎസ്എസ് പ്രവർത്തകനായ ഡി എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിയമനം നടന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ ഈ നിയമനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോൺഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് അംഗങ്ങളും എതിർപ്പറിയിച്ചു.

ഗവൺമെന്റ് പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു ആണോയെന്നും, പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്ത് കാര്യമാണുള്ളതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരിഹാസമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഇതിന് ശക്തമായ ഭാഷയിലാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മറുപടി നൽകിയത്. "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ" ആണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിലുള്ള അതൃപ്തി നേരിട്ട് അറിയിക്കാൻ അലോഷ്യസ് സേവ്യർ തിരുവനന്തപുരത്ത് എത്തിയെങ്കിലും അദ്ദേഹത്തിന് മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടു.

കെ സി വേണുഗോപാലിനോട് അടുപ്പം പുലർത്തുന്ന വി ആർ അനൂപ് സതീശനെതിരെ രൂക്ഷവിമർശനവുമായി ആദ്യം രംഗത്തെത്തിയത് സതീശൻ അനുകൂലികളെ അസ്വസ്ഥരാക്കി. ഇതിന് മറുപടിയുമായി എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ ഫേസ്ബുക്കിൽ രംഗത്തുവന്നു.

മോഹഭംഗം സംഭവിച്ച ചിലർ പാർട്ടിയുടെ മുഖമായിരുന്നുകൊണ്ട് സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും പണിയെടുക്കുന്നുവെന്ന് രാജു പി. നായർ ആഞ്ഞടിച്ചു. അലോഷ്യസിന് അപ്പോയിന്റ്മെന്റ് നിഷേധിച്ചിട്ടില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച അദ്ദേഹം, തിരുവനന്തപുരത്ത് എത്തുന്ന പല നേതാക്കളും മുഖ്യമന്ത്രിയെ കാണാറുണ്ടെന്നും, ഇതിനെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ടതുമായി കൂട്ടിക്കെട്ടുന്നത് നിഷ്കളങ്കമല്ലെന്നും പറഞ്ഞു. അറിയാതെയെങ്കിലും സിപിഎമ്മിന്റെയും ഇത്തരം ആളുകളുടെയും അജണ്ട ഒന്നാവുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

ഇതിനിടെയാണ് കെപിസിസി വക്താവ് ജിന്റോ ജോൺ മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പരോക്ഷ വിമർശനവുമായി ഫേസ്ബുക്കിൽ എത്തിയത്. "പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ്" എന്ന് തുടങ്ങുന്ന കുറിപ്പിൽ, വന്ന വഴികളും കൈപിടിച്ച മനുഷ്യരും ചിലർക്ക് വെറും ചവിട്ടുപടികൾ മാത്രമായി മാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. കൊട്ടാരം വിദൂഷകരും രാജഭക്തരും വാഴ്ത്തുപാട്ടുകൾ പാടുമ്പോഴും, സത്യം പറയാൻ കെഎസ്‌യുവിനെപ്പോലുള്ള കുട്ടികൾ എപ്പോഴുമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ.

ജിന്റോ ജോണിന്റെ ഈ വിമർശനം ഒറ്റപ്പെട്ടതല്ല. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയും അദ്ദേഹം അടുത്തിടെ പരസ്യമായി രംഗത്തുവന്നിരുന്നു. "ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല" എന്ന് വിമർശിച്ച അദ്ദേഹം, ബാർകോഴ വിവാദം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പരാജയത്തിന് കാരണമായ കാര്യം നേതൃത്വത്തെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഒറ്റയാൻ തീരുമാനങ്ങൾ കോൺഗ്രസിന്റെ ജനാധിപത്യ സ്വഭാവത്തിന് നിരക്കുന്നതല്ലെന്ന കൃത്യമായ സൂചനയാണ് അദ്ദേഹം ഇതിലൂടെ നൽകിയത്.

പാർട്ടിയും മുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് നേതാക്കളുടെ ഈ പരസ്യപ്പോര്. ഭരണകക്ഷിയിലെ, പ്രത്യേകിച്ച് കോൺഗ്രസിലെ തന്നെ പ്രധാന നേതാക്കളും വക്താക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് സർക്കാരിനും പാർട്ടിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

An internal rift within the Kerala Congress has escalated into a public spat following a controversy involving Chief Minister V.D. Satheesan and the party's student wing, the Kerala Students Union. The conflict originated over disagreements regarding a Government Pleader appointment and significantly worsened when KSU State President Aloysius Xavier was reportedly denied an appointment to meet the CM to express the organization's concerns.