Kerala

ടീം വി.ഡി.എസ് തയ്യാര്‍; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10-ന് സത്യപ്രതിജ്ഞ

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും വേദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല

Madism Desk

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 14 പുതുമുഖങ്ങള്‍ അടക്കം 20 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു എന്നിവര്‍ ചടങ്ങിനെത്തും.

വേദിയില്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവന്‍ അറിയിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും വേദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വി.ഡി സതീശന് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ.പി അനില്‍ കുമാര്‍, പി.സി വിഷ്ണുനാഥ്, എം ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, ഒ.ജെ ജനീഷ്, കെ.എ തുളസി എന്നിവരും മുസ്ലിം ലീഗില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി.പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിമാര്‍ക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയില്‍ ധാരണയായിട്ടുണ്ട്. അതേസമയം, തര്‍ക്കം തീര്‍ന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ഇതിനോട് അനൂപിനും കാപ്പനും എതിര്‍പ്പുണ്ട്. എന്നിരുന്നാലും അനൂപ് ആദ്യം സത്യപ്രതിജ്ഞചെയ്യുമെന്നാണ് തീരുമാനം. ചരിത്രത്തിലാദ്യമായി മുസ്ലിംലീഗും മന്ത്രിസ്ഥാനത്തിന് ടേം ഏര്‍പ്പെടുത്തി. കോഴിക്കോടിന് മന്ത്രിസ്ഥാനമില്ലാത്തതിനാല്‍ പാറക്കല്‍ അബ്ദുള്ളയെ രണ്ടരവര്‍ഷം കഴിഞ്ഞ് മന്ത്രിയാക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചു. ആരാണ് ഒഴിയേണ്ടതെന്ന് ഇപ്പോള്‍ ലീഗ് പുറത്തുപറഞ്ഞിട്ടില്ല.

വകുപ്പുകളെല്ലാം തീരുമാനമായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ പ്രതികരിച്ചത്. വകുപ്പ് നിര്‍ദേശം ഇന്ന് സമര്‍പ്പിക്കുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, ഇത്തവണ മൂന്ന് വനിതകളാണ് കാബിനറ്റില്‍ ഉണ്ടാവുക. ഇത് യുഡിഎഫില്‍ ആദ്യമാണ്. ബിന്ദുകൃഷ്ണ, കെ.എ തുളസി എന്നിവര്‍ മന്ത്രിസഭയിലും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടിസ്പീക്കര്‍ പദവിയിലും. 1960-64ല്‍ എ. നഫീസത്ത് ബീവിക്ക് ശേഷം ആദ്യമാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. ആദ്യ കാബിനറ്റില്‍ വമ്പന്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കൂട്ടല്‍, കൊച്ചി മാതൃകയില്‍ സംസ്ഥാനത്താകെ ഇന്ദിര കാന്റീന്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയ പ്രഖ്യാപനം വന്നേക്കാം എന്നാണ് സൂചന.

English Summary: V. D. Satheesan will be sworn in today as the 13th Chief Minister of Kerala at a ceremony in Thiruvananthapuram along with a 20-member cabinet that includes 14 first-time ministers. Senior leaders including Mallikarjun Kharge, Rahul Gandhi and Priyanka Gandhi Vadra are expected to attend. The new UDF government has also introduced a term-sharing arrangement for some ministerial posts, including within the Muslim League for the first time.