Kerala

അതിരുകടന്ന കെഎസ്‌യു പ്രതിഷേധം, ആരോഗ്യമന്ത്രിക്ക് പരിക്ക്; ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം

സംഭവത്തിൽ സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം.

Madism Desk

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു കെഎസ്‌യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം.

വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നു. വന്ദേ ഭാരത് ട്രെയിനിൽ പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയ മന്ത്രിക്കു നേരേ പാഞ്ഞടുത്ത പ്രതിഷേധക്കാർ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധിച്ചത്. വഴിതടഞ്ഞ കെ.എസ്.യു പ്രവർത്തകരോട് മന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു, എന്നാൽ സ്ഥലത്തുണ്ടായിരുന്ന പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല. എന്നാൽ സംഭവം കെട്ടിച്ചമച്ചതാണെന്നും, മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും, കെഎസ്‌യുവിന്റെയും വാദം.

കെഎസ്‌യു കണ്ണൂരിൽ വ്യാപകമായി വീണാ ജോർജിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിഷേധവുമായെത്തിയത്. മന്ത്രിക്കു നേരേയുണ്ടായ ആക്രമണത്തിൽ ഇ‌‌ടതുമുന്നണി നേതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അസഹിഷ്ണുതയുടെ ഫലമാണ് ഈ ആക്രമണം. അക്രമപ്രവർത്തനത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് അക്രമത്തിനെ ന്യായീകരിക്കുന്നു. വിമോചന കാലത്തെ രീതിയിലേക്ക് കോൺഗ്രസ് മാറുന്നു. കേരളീയ സമൂഹം അക്രമത്തിനെ അനുകൂലിയുന്നില്ല, എന്ന് എ വിജയരാഘവൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകുന്നതെന്നും, ഇത് ജനാധിപത്യ രീതിയിലുള്ള സമരം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.

English Summary: Kerala Health Minister Veena George was injured during a KSUs protest at Kannur Railway Station while she was heading to board the Vande Bharat Express. She sustained injuries to her neck and arm and was admitted to the Kannur District Hospital ICU. Chief Minister Pinarayi Vijayan condemned the incident as a result of Congress’ “vile politics,” while the CPM has announced statewide protests.