വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിലെ ഓഹരി കൈമാറ്റ വിഷയത്തിൽ അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് അപേക്ഷ തിരുത്തി നൽകിയത് രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്ന്. വിഴിഞ്ഞത്തേക്കുള്ള എം.എസ്.സി കമ്പനിയുടെ പ്രവേശനത്തിൽ ഹൈക്കമാന്റ് നേരിട്ട് ഇടപെടുകയും പ്രതിപക്ഷമടക്കം ശക്തമായ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ എം.എസ്.സി ഗ്രൂപ്പുമായി ധാരണയായെന്നും സെബിയുടെ അനുമതിയും ലഭിച്ചെന്നുമുള്ള രീതിയിൽ സർക്കാർ മുമ്പാകെ എത്തിയിരുന്ന അദാനി ഗ്രൂപ്പ്, ഇപ്പോൾ അപേക്ഷ പുതുക്കിനൽകുകയും അന്തിമ കരാർ സർക്കാർ അനുമതിക്ക് ശേഷമേ ഉണ്ടാകൂവെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സെബിക്ക് നൽകിയ കത്ത് ഒരു പ്രാഥമിക ധാരണ മാത്രമാണെന്നും, സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം പൂർത്തിയാക്കില്ലെന്നും അദാനി പോർട്സ് വിശദീകരിച്ചു. എം.എസ്.സി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിൽ കുത്തകാവകാശം സ്ഥാപിക്കുന്ന തരത്തിലുള്ള ക്രമീകരണം ഉണ്ടാകില്ലെന്നും പുതിയ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ അപേക്ഷയിൽ ഉണ്ടായിരുന്ന അവ്യക്തതകൾ തിരുത്തിയാണ് പുതിയ അപേക്ഷ സമർപ്പിച്ചതെന്നാണ് കമ്പനി പറയുന്നത്.
ഇത് ഒരു സാധാരണ തിരുത്തൽ മാത്രമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഓഹരി കൈമാറ്റം സർക്കാർ അറിയിക്കാതെ മുന്നോട്ടുപോയെന്ന ആരോപണവും, വിദേശ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയും പൊതുതാൽപര്യവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നതും അദാനിയെ നിലപാട് മയപ്പെടുത്താൻ നിർബന്ധിതരാക്കിയെന്നാണ് സൂചന. അദാനി ഗ്രൂപ്പിന്റെ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്നും, ഇടപാടിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും വിഷയത്തിൽ ശക്തമായ ആശങ്കയാണ് ഉന്നയിച്ചത്.
എന്നാൽ അദാനിയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കത്തിന് പിന്നിൽ വലിയ സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങളുണ്ട്. വിഴിഞ്ഞം തുറമുഖത്തിലെ 49 ശതമാനം ഓഹരി എം.എസ്.സിയുടെ തുറമുഖ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന് കൈമാറാനാണ് പദ്ധതി. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ എത്തുമെന്നാണ് പ്രതീക്ഷ. അതുവഴി അവസാനഘട്ട നിർമാണം വായ്പയെ ആശ്രയിക്കാതെ പൂർത്തിയാക്കാനും, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിങ് ശൃംഖലകളിലൊന്നായ എം.എസ്.സിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തേക്ക് ആകർഷിക്കാനും അദാനിക്ക് സാധിക്കും.
സാമ്പത്തിക നേട്ടം മാത്രമല്ല ഈ നീക്കത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യം. 2028 ഡിസംബറിനകം തുറമുഖം പൂർണശേഷിയിൽ വികസിപ്പിച്ചാൽ നിലവിലെ കാലാവധി കഴിഞ്ഞും 20 വർഷം കൂടി തുറമുഖം നടത്തിപ്പിനായുള്ള അവകാശം അദാനിക്കാകും. നിലവിൽ 2060ൽ അവസാനിക്കുന്ന കാലാവധി 2080 വരെ നീട്ടിക്കിട്ടാനുള്ള സാധ്യതയാണ് നടപ്പിലാക്കുക.
Adani Ports has revised its application to the Kerala government on the proposed stake sale in the Vizhinjam International Seaport after political pressure over the planned entry of MSC. The company clarified that no final agreement or share transfer will occur without state approval and denied any monopoly for MSC. The proposed sale of a 49% stake aims to raise about ₹13,000 crore, attract MSC cargo, complete expansion, and potentially extend Adani's operating concession until 2080, subject to government approval and safeguards.