Maneater tiger captured by Kerala Forest officials Image: Kerala Forest officials
Kerala

വയനാട്ടിലെ ആളെക്കൊല്ലി കടുവ പിടിയിൽ; പ്രദേശത്ത് ജാഗ്രത, പ്രതിഷേധം

ദേവർഗദ്ദയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിന് പരുക്കേറ്റ മറ്റൊരു കടുവയെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

Madism Desk

പുൽപ്പള്ളി: വയനാട്ടിൽ ആറ് ദിവസം മുമ്പ് ആദിവാസി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. 14 വയസ്സുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ആറ് ദിവസം മുൻപ് മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയാണെന്നത് സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി. പിടികൂടിയ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

മാരനെ ആക്രമിച്ച പ്രദേശമായ പുൽപ്പള്ളി ദേവർഗദ്ദയിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് നേരത്തെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. അതിനിടെ, പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രിയിൽ കടുവയെ കണ്ടത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. അർധരാത്രിയോടെ കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതാണ് കണ്ടതെന്നാണ് വിവരം ലഭിച്ചത്. ഇതോടെ പുൽപ്പള്ളി കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിരുന്നു.

ദേവർഗദ്ദയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിന് പരുക്കേറ്റ മറ്റൊരു കടുവയെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രദേശത്തും നിരീക്ഷണം തുടരുകയാണ്. ഇതിനിടെ കർണാടക വനമേഖലയിൽ മറ്റൊരു കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞെങ്കിലും അത് മാരനെ ആക്രമിച്ച പ്രദേശത്തെ കേരള വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ കടുവയുമായി സാമ്യമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അതേസമയം പുൽപ്പള്ളി നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഏരിയപ്പള്ളിയിൽ കണ്ട കടുവ ദേവർഗദ്ദയിലെ കടുവ തന്നെയാണോ അതോ മറ്റൊരു കടുവയാണോ എന്നതിൽ വ്യക്തതയില്ല. ഈ കടുവയെ ഉൾക്കാട്ടിലേക്ക് തിരിച്ചു വിടുകയോ കൂടുവെച്ച് പിടികൂടുകയോ ചെയ്യാൻ കഴിയാത്ത പക്ഷം മയക്കുവെടി ഉപയോഗിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇതേ മേഖലയോട് ചേർന്ന് കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: A 14-year-old male tiger that killed a tribal man in Wayanad six days ago has been captured by the forest department and moved to Kuppadi sanctuary.