Kerala

'ആ ഫോൺകോളിൽ എല്ലാമുണ്ടാകും'; രാഹുലിന്റെ വിളിയിൽ ആര് ചിരിക്കും, ആര് തേങ്ങും?

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കേരളത്തിൽ നടന്ന ഗ്രൂപ്പ് പോരിലും തെരുവിലെ പ്രകടനങ്ങളിലും രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ട്.

Milan George

അങ്ങനെ കേരളത്തിനു പുതിയ മുഖ്യമന്ത്രിയെ കിട്ടാൻ പോകുന്നു, ചർച്ചകൾക്കും ഉൾപ്പോരുകൾക്കും വിലപേശലുകൾക്കും ഒടുവിൽ ആ പ്രഖ്യാപനം ഇന്നുണ്ടാകും. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ നിന്ന് ഒരാളെ ഹൈക്കമാൻഡ് 'ഫിക്‌സ്' ചെയ്തുകഴിഞ്ഞു. എന്നാൽ ആ ഒരാൾ ആരെന്നത് സസ്‌പെൻസായി തുടരുന്നു...!

ഇന്ന് ഉച്ചയ്ക്കു ഒന്നിനു ചേരുന്ന നിയമസഭാകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ആരെന്ന് തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനു ആ 'ഒറ്റപ്പേര്' ഇതുവരെ അറിയില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്കു ക്ലെയിം ചെയ്യുന്ന മൂന്ന് നേതാക്കളെയും രാഹുൽ ഗാന്ധി ഇന്ന് ഫോണിൽ ബന്ധപ്പെടും. ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കും. ആരെയാണ് മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്നും അതിനുള്ള കാരണവും ഓരോരുത്തരോടും വിശദീകരിക്കും. ഹൈക്കമാൻഡ് തീരുമാനിച്ചയാളെ അംഗീകരിക്കണമെന്നും പ്രതിഷേധങ്ങളിലേക്ക് പോകരുതെന്നും രാഹുൽ ആവശ്യപ്പെടും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കേരളത്തിൽ നടന്ന ഗ്രൂപ്പ് പോരിലും തെരുവിലെ പ്രകടനങ്ങളിലും രാഹുലിനു കടുത്ത അതൃപ്തിയുണ്ട്. മൂന്ന് നേതാക്കളെയും ഇക്കാര്യം രാഹുൽ അറിയിക്കും. ദേശീയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കാമെന്ന ചിന്ത നന്നല്ലെന്ന് രാഹുൽ പറയും.

ഹൈക്കമാൻഡ് മറ്റു സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ കൂടുതൽ എംഎൽഎമാരുടെ പിന്തുണ നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെ.സി വേണുഗോപാലിനു നറുക്ക് വീഴും. മറിച്ച് കേരളത്തിലെ ജനവികാരം കണക്കിലെടുത്ത് തീരുമാനമെടുക്കുകയാണെങ്കിൽ വി.ഡി സതീശനു കാര്യങ്ങൾ അനുകൂലമാകും. രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തര വകുപ്പ് നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം. ദേശീയ നേതൃത്വത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന നിലപാടിലേക്ക് ചെന്നിത്തല കഴിഞ്ഞ ദിവസം എത്തിയിരുന്നു.

English Summary: Kerala is about to get a new Chief Minister. After rounds of discussions, internal conflicts, and negotiations, the announcement will be made today. The high command has already “fixed” one person from among K. C. Venugopal, V. D. Satheesan, and Ramesh Chennithala. However, who that one person is still remains a suspense.