തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍, പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 19 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വനജ ഫയര്‍വര്‍ക്ക്‌സ് എന്ന പടക്കനിര്‍മാണശാലയിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് അമ്പതിലേറെ ആളുകളുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. കട്ടനാര്‍പട്ടി ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്തെത്തിയിട്ടണ്ട്. പരിക്കേറ്റ പലരേയും സംഘം തൊട്ടടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചിരുന്നു. നിരവധിപേര്‍ അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ സംരക്ഷിക്കാനാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
സംഭവസ്ഥലത്തു നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മരണസംഖ്യ ഇനിയും കവിയാമെന്ന അഭ്യൂഹങ്ങളുണ്ട്. പത്തുകിലോമീറ്ററോളം സ്ഫോടനത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ധന-റവന്യൂ മന്ത്രിമാരോട് സംഭവസ്ഥലത്തേക്ക് എത്താന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂടുംബങ്ങളോട് രാഷ്ട്രപതി ദ്രൗപതി മുര്‍മു, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവര്‍ അനുശോചനമറിയിച്ചു.
വിരുദുനഗറിലെ സമാനസംഭവങ്ങള്‍
ആദ്യമായല്ല ഇത്തരം അപകടങ്ങള്‍ വിരുദുനഗറില്‍ സംഭവിക്കുന്നത്. പടക്കനിര്‍മാണത്തില്‍ തമിഴ്മാട്ടിലെ വലിയൊരു കേന്ദ്രമായ വിരുദുനഗറില്‍ ഈയടുത്തും സമാനമായ അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഏപ്രില്‍ 13 ന് വിരുദുനഗര്‍ ജില്ലയിലെ മടത്തുപട്ടിക്ക് സമീപം സട്ടൂര്‍ എന്ന ഗ്രാമത്തിലെ എക്‌സല്‍ ഫയര്‍വര്‍ക്ക്‌സ് എന്ന പടക്കനിര്‍മാണശാലയില്‍ വലിയ പൊട്ടിത്തെറികള്‍ നടന്നിരുന്നു. 2024 ഫെബ്രുവരി 17 ന് വിരുദുനഗറില്‍ത്തന്നെ നടന്ന മറ്റൊരു പടക്കനിര്‍മാണശാലയില്‍ നടന്ന അപകടത്തില്‍ 10 പേര്‍ മരിക്കുകയും, 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2024 ജൂണ്‍ 29 ന് നടന്ന സമാനമായ മറ്റൊരപകടത്തില്‍ 4 മരണവും സംഭവിച്ചിരുന്നു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
English Summary: A major explosion at a firecracker factory in Tamil Nadu’s Virudhunagar district killed at least 19 people and injured many others. The incident occurred at Vanaja Fireworks in Kattanarpatti village.