തമിഴ്നാട് പൊള്ളാച്ചിക്കുസമീപം വാല്‍പ്പാറയില്‍ നടന്ന വാഹനാപകടത്തില്‍ പൊലിഞ്ഞ ഒമ്പതുപേര്‍ക്ക് വിടപറയാൻ നാടൊരുങ്ങുമ്പോള്‍ നൊമ്പരമായി മാറിയിരിക്കുകയാണ് സംഘത്തിന് നേതൃത്വം നൽകിയ പാറമ്മല്‍ എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപികയായ അജിത(54). മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശിനിയായ അജിത, നാടിന് പ്രിയപ്പെട്ട ടീച്ചറായിരുന്നു.
പുലാമന്തോള്‍ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഏറെ കാലം സേവനമനുഷ്ടിച്ച അവർ, ഈ കാലയളവില്‍ നാടിന്റെ പ്രിയപ്പെട്ട അധ്യാപികയായി മാറി. ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന അജിത ഹിന്ദി, രസതന്ത്രം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്. പിന്നീട്, വിരമിക്കലിന് കുറച്ച് വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പാങ്ങിലെ പാറമ്മല്‍ എല്‍പി സ്‌കൂളിലേക്ക് പ്രധാനാധ്യാപികയായി മാറുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍, പ്രിയപ്പെട്ട അധ്യാപികയ്ക്കും കൂട്ടാളികള്‍ക്കും യാത്രപറയാനൊരുങ്ങി നില്‍ക്കുകയാണ് നാട്. ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും അമ്മയും അടങ്ങുന്നതാണ് കുടുംബം. അജിതയ്ക്കു പുറമെ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. അധ്യാപകരായ റംല (52), സുഹറ (43), ആശ (41),ഷക്കീല(37), മജീദ് (43), ഭാര്യ റുഖിയ (39), സുഹറയുടെ മകൻ ഹിഷാം (12), പാചകത്തൊഴിലാളി സാജിത(45), എന്നിവരാണ് മരിച്ച മറ്റുള്ളവർ.
മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ഇന്നു രാവിലെയാണ് മലപ്പുറത്ത് എത്തിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടർന്ന് 6.10നാണ് മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്. പോലീസ് അകമ്പടിയിൽ എത്തിച്ച മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്.
പാങ്ങ് പാറമ്മൽ ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള അധ്യാപകരും സ്റ്റാഫും അടങ്ങുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് വാൻ ഇന്നലെ വൈകിട്ട് 5.20 നാണ് അപടതത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെ വാൽപ്പാറ ചുരം റോഡിലായിരുന്നു അപകടം.
നാട്ടിലേക്കു മടങ്ങവെ പതിമൂന്നാം ഹെയർപിൻ വളവിൽനിന്ന് മറിഞ്ഞ വാൻ 300 അടി താഴ്ചയിൽ ഒൻപതാം വളവിലാണ് പതിച്ചത്. ഇതിനിടെ വാഹനം പലതവണ കീഴ്മേൽ മറിഞ്ഞു. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് സംഘം പോയത്. ഡ്രൈവർ ഉൾപ്പെടെ13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂൾ ബസ് ഡ്രൈവർ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), മരിച്ച സ്കൂൾ പാചകത്തൊഴിലാളിയായ സാജിതയുടെ മകൻ ഷഹദീൻ മുഹമ്മദ് (11), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫയീസ് (22) എന്നിവരാണ് ചികിത്സയിലുള്ളത്. നൗഷാദ് അലിയും മുഹമ്മദ് ഫയീസും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. മരിച്ച ഷക്കീലയുടെ മകൾ മസ്നീനെ (10) പൊള്ളാച്ചി ഗവ. ആശുപത്രിയിൽനിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
English Summary: A tragic road accident in Valparai claimed the lives of nine people, sending shockwaves across Kerala. The victims included Ajitha (54), a respected headmistress from Perinthalmanna, highlighting the devastating impact of the accident on the community.