ഭാഷയും രാഷ്ട്രീയവും വേര്‍തിരിച്ച് കാണണം. രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള പാതയില്‍ ഭാഷയൊരു പ്രധാന പങ്കായി കരുതുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ വ്യക്തിത്വം, നിലപാടുകള്‍, ഊര്‍ജം, സത്യസന്ധത എന്നിവ പ്രധാനപ്പെട്ട ഘടകമാണ്. ഭാഷയുടെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ പരിഹസിക്കപ്പെടുന്നുണ്ട്. അത് ശരിയല്ല. ഭാഷയ്ക്കപ്പുറം അവര്‍ എടുത്ത നിലപാടുകള്‍ക്കാണ് പ്രസക്തി. ഒരു മന്ത്രിയുടെ ഭരണപാടവം അളക്കുന്നത് വിദ്യാഭ്യാസ യോഗ്യത കൊണ്ടല്ല. അത് മറ്റൊന്നാണ്. മികച്ച ഭാഷ ഉപയോഗിക്കുന്നവര്‍ മികച്ച വ്യക്തികളാണ് എന്നൊരു തെറ്റായ ധാരണയുണ്ട്. അതിന്റെ തുടര്‍ച്ചാണ് വിമര്‍ശനങ്ങള്‍.
നല്ല ഭാഷ ഉപയോഗിക്കുന്ന ശശി തരൂര്‍ സ്വീകരിക്കുന്ന വൈരുദ്ധ്യാത്മക നിലപാട് ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസിന്റെ നേതാവും എംപിയുമായും ഇരിക്കുമ്പോള്‍ തന്നെ വലതു പക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. ഭാഷകൊണ്ട് ഒരാളെ അളക്കാന്‍ ശ്രമിക്കുന്ന കുഴപ്പം മലയാളി സമൂഹത്തിനുണ്ട്. ഇംഗ്ലീഷ് അറിയുക എന്നത് അത്ര അനിവാര്യതയല്ല.
ചെവിക്ക് പിടിച്ചു നന്നാക്കി വരുത്തേണ്ടതാണ് ഭാഷ ശുദ്ധി എന്ന് കരുതുന്നില്ല. പ്രാദേശിക ഭാഷകളെ പരിഹസിക്കുന്ന നിലപാടുകള്‍ ശരിയല്ല. പ്രാദേശിക ഭാഷാവൈവിധ്യമില്ലെങ്കില്‍ നമ്മള്‍ വളരെ ചുരുങ്ങിപ്പോകും. ഏക ലോകജീവികളായി മാറും. പുഴയെ പുയ എന്നും മഴയെ മയ എന്നും പറയുന്ന സമൂഹമുണ്ടെങ്കില്‍ അവരെ ചേര്‍ത്തുപിടിക്കണം. അതുകൂടി അംഗീകരിക്കുമ്പോഴാണ് മലയാള ഭാഷ മനോഹരമായി തീരുന്നത്.