ട്രാൻസ്ജെൻഡർ സമൂഹത്തിൽപ്പെട്ടവർ സംഘപരിവാർ രാഷ്ട്രീയത്തിലേക്കു പോകുന്നതിൽ ആശങ്കയുണ്ടെന്നും അതിന്റെ അപകടം അവർ വേഗത്തിൽ തിരിച്ചറിയേണ്ടതുണ്ടെന്നും ക്യൂയർ കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ശീതൾ ശ്യാം. ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ 2026 നെതിരെ ശക്തമായ വിമർശനം ഉന്നയിച്ച ശീതൾ, ദൈവിക പരിവേഷമല്ല പൗരവകാശമാണ് ക്യൂയർ സമൂഹത്തിനു വേണ്ടതെന്നും മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.
''കമ്മ്യൂണിറ്റിയിൽനിന്നുള്ള ആളുകൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല കാര്യമാണെങ്കിലും സംഘപരിവാർ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിനെതിരെ വിയോജിപ്പുണ്ട്. ക്ഷമയും മനുഷ്യത്വവും ഉൾക്കൊള്ളാത്ത സമീപനമാണിത്. വ്യക്തിയുടെ ജീവിതത്തെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു രാഷ്ട്രീയത്തിലേക്ക് ചിലർ ചേക്കേറുന്നത് എന്തുകൊണ്ടാണ്?'' ശീതൾ പറഞ്ഞു.
ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ബിൽ രാജ്യസഭയിലും ലോക്സഭയിലും പാസായാൽ ദേശീയ കൗൺസിലിൽനിന്ന് രാജിവെക്കുമെന്ന് ട്രാൻസ്‌ജെൻഡർ പ്രവർത്തക കൽക്കി സുബ്രഹ്മണ്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വർഷത്തെ രാഷ്ട്രീയ പരിചയമുള്ള വ്യക്തികൾ പോലും ബില്ലിനെതിരെ നിലപാട് എടുക്കുമ്പോൾ, ചിലർ അതിനെ അനുകൂലിക്കുന്നത് മനസ്സിലാക്കാനാകുന്നില്ല. കമ്മ്യൂണിറ്റിയെ പലവിധത്തിൽ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
വിവിധ ചാനൽ ചർച്ചകളിലൂടെ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. ട്രാൻസ്‌ജെൻഡർ സമൂഹവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം സമഗ്രമായ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ജസ്റ്റിസ് ബോർഡ്, സർവേ, വിവിധ പദ്ധതികൾ എന്നിവയിലൂടെ കേരളം മുൻപന്തിയിലാണ്.
പുരാണങ്ങളെ അടിസ്ഥാനമാക്കി കമ്മ്യൂണിറ്റിയെ കാണുന്നതിന് പകരം മനുഷ്യരായി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. ചേർത്തുപിടിക്കേണ്ടിടത്ത് അകറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശീതൾ കൂട്ടിച്ചേർത്തു.
എഴുത്തുകാരി, തിയറ്റർ ആർട്ടിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയയായ ശീതൾ ശ്യാം രാഷ്ട്രീയവും ക്വിയർ കമ്മ്യൂണിറ്റി പ്രതിനിധാനവും സംബന്ധിച്ച നിലപാടുകൾ മാഡിസം ഡിജിറ്റലിനോട് സംസാരിക്കുന്നു. പോഡ്കാസ്റ്റിന്റെ പൂർണ രൂപം കാണാം.
English Summary: Transgender activist Sheethal Shyam criticizes the Transgender Amendment Bill 2026 and raises concerns about political representation, warning against ideologies that undermine dignity and human rights.