മണിപ്പുരിലെ നിലവിലെ സാഹചര്യം വിവരിക്കാൻ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ് (BAFTA) വേദി വിനയോഗിച്ച് സംവിധായിക ലക്ഷ്മിപ്രിയ ദേവി. BAFTAയിൽ ചരിത്രമെഴുതിയ മണിപ്പുരി ചിത്രമായ ‘ബൂങ്’ന്റെ സംവിധായികയാണ് ലക്ഷ്മിപ്രിയ. ഏറെ അവഗണിക്കപ്പെടുന്ന, പ്രാതിനിധ്യമില്ലാത്ത കലാപഭൂമിയാണ് തന്റെ ജന്മനാടായ മണിപ്പുർ എന്നവർ പറഞ്ഞു. മണിപ്പുരിൽ നിലനിൽക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് സംസാരിച്ച അവർ, ജന്മനാട്ടിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ചിൽഡ്രൻസ് ആൻഡ് ഫാമിലി ചിത്രത്തിനുള്ള പുരസ്കാരമാണ് ‘ബൂങ്’-ന് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയശേഷമായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രസംഗം. തൻ്റെ മാതൃഭാഷയിൽ സദസ്സിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് സംവിധായിക ലക്ഷ്മിപ്രിയ ദേവി സംസാരിച്ചു തുടങ്ങിയത്. ബാഫ്റ്റയിലേക്കുള്ള യാത്ര ഒരിക്കലും പ്രതീക്ഷിക്കാതെ സംഭവിച്ചതാണ് എന്നവർ പറഞ്ഞു. 'ബൂങ്' പോലൊരു ചെറിയ സിനിമയ്ക്ക് ഇത്രയേറെ സ്നേഹം നൽകിയ ജൂറി അംഗങ്ങളോടും ബാഫ്റ്റയോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. കലാപഭൂമിയായ തന്റെ ജന്മനാടുമായി ഏറെ ബന്ധമുള്ള സിനിമ കൂടിയാണിതെന്നും ലക്ഷ്മിപ്രിയ ദേവി വ്യക്തമാക്കി.
"ഇന്ത്യയിൽ വളരെയധികം അവഗണിക്കപ്പെട്ടതും പ്രതിനിധീകരിക്കപ്പെടാത്തതുമായ ഒരു പ്രദേശത്തുനിന്നാണ് ഈ ചിത്രം വരുന്നത്. മണിപ്പൂരിൽ സമാധാനം തിരിച്ചുവരുന്നതിനായി പ്രാർത്ഥിക്കുന്നു എന്ന് പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. സിനിമയിലെ ബാലതാരങ്ങൾ ഉൾപ്പെടെ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ട എല്ലാ കുട്ടികൾക്കും, അവരുടെ സന്തോഷവും, നിഷ്കളങ്കതയും, സ്വപ്നങ്ങളും, തിരികെ ലഭിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. BAFTA, നിങ്ങൾ ഞങ്ങൾക്ക് നൽകിയത് കേവലം ഒരു പുരസ്കാരം മാത്രമല്ല. ഞങ്ങളുടെ പ്രതീക്ഷ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ്. എല്ലാവർക്കും നല്ലൊരു സായാഹ്നം ആശംസിക്കുന്നു." ലക്ഷ്മിപ്രിയ ദേവി പറഞ്ഞു.
2023മെയ് മാസത്തിൽ മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. വടക്കുകിഴക്കൻ ഇന്ത്യയെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും കൂടുതൽ അടുത്തറിയാൻ അവസരം നൽകുന്ന ചിത്രം കൂടെയാണ് ബൂങ്.
2023-ൽ മണിപ്പൂരിൽ മെയ്തി (Meitei) വിഭാഗവും കുക്കി-സോ (Kuki-Zo) വിഭാഗവും തമ്മിലുണ്ടായ വംശീയ സംഘർഷങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് അശാന്തി പടർന്നത്. കലാപത്തിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. നിലവിൽ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക വംശീയ മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ് മണിപ്പൂർ.
English Summary: At the BAFTA Awards, Bung director Lakshmipriya Devi used her acceptance speech to draw global attention to the ongoing unrest in Manipur.