Portrait

ചെ ഗുവേര; അനീതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ പര്യായപദം

പോരാട്ടങ്ങൾക്കൊടുവിൽ പടുത്തുയർത്തിയ അധികാരത്തിൻ്റെ കോട്ടകളെല്ലാം വിട്ടെറിഞ്ഞാണ് ചെഗുവേര വീണ്ടും ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.

M S Shaiju

​"നീതിക്കുവേണ്ടി ലോകത്തിലെവിടെയും എക്കാലത്തും നടക്കുന്ന ഏതൊരു പോരാട്ടത്തിന്റെയും മുൻനിരയിൽ ഒരു വിപ്ലവകാരിയായി നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടാകാൻ കഴിഞ്ഞാൽ, അതാകും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യം."

— ചെ ഗുവേര

ചരിത്രത്തിന്റെ വിപ്ലവ പോരാട്ടങ്ങളുടെ ഇതിഹാസതുല്യമായ ഏടുകളിൽ ഒരിക്കലും മങ്ങിപ്പോകാതെ ജ്വലിച്ച് നിൽക്കുന്ന ഒരു നാമമാണ് ഏണസ്റ്റോ ചെഗുവേര. ഒരു ഭിഷഗ്വരനിൽ നിന്ന് അതുല്യനായ ഒരു വിപ്ലവകാരിയിലേക്കുള്ള ചെ യുടെ പരിണാമം ഒട്ടും ആകസ്മികമായതായിരുന്നില്ല. മനുഷ്യരെ ചൂഷണം ചെയ്ത് ജീവിക്കുന്നവരുടെയും ചൂഷണങ്ങൾക്ക് ഇരകളായി ജീവിതത്തിന്റെ ദുരിതങ്ങളും സഹിച്ച് കഴിഞ്ഞ് കൂടുന്നവരുടെയും ജീവിത വൈരുധ്യങ്ങൾ സംഘർഷഭരിതമാക്കിയ ഒരു ആതുര ശുശ്രൂഷകന്റെ, തുല്യതയെയും നീതിയെയും പറ്റിയുള്ള ഉൽക്കടമായ അഭിലാഷങ്ങളാണ് ആ പരിണാമത്തിന് ആധാരമായി മാറിയത്.

വിരസമായ ഔദ്യോഗിക ജീവിതത്തിൻ്റെ മടുപ്പ് മാറ്റാൻ തൻ്റെ മോട്ടോർ സൈക്കിളിൽ യാത്രകൾ നടത്തിത്തുടങ്ങിയ ഒരു യുവ ഡോക്ടർ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ മനുഷ്യരുടെ ദുരിത ജീവിതങ്ങളും അവരെ ചൂഷണം ചെയ്ത് തെഴുക്കുന്ന മുതലാളിത്ത ഭരണകൂടങ്ങളും കണ്ട് സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായി മാറുകയായിരുന്നു. പോരാട്ടങ്ങൾക്കൊടുവിൽ പടുത്തുയർത്തിയ അധികാരത്തിൻ്റെ കോട്ടകളെല്ലാം വിട്ടെറിഞ്ഞാണ് ചെഗുവേര വീണ്ടും ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. അനീതി കൊണ്ട് ഇരകളാക്കപ്പെടുന്ന മനുഷ്യരുള്ള കാലത്തോളം തനിക്ക് വിശ്രമമില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ക്യൂബയുടെ അധികാരപഥങ്ങളിൽ നിന്ന് ആഫ്രിക്കയിലേക്കും ബൊളീവിയയിലേക്കും അദ്ദേഹം വീണ്ടും യാത്ര തിരിക്കുന്നത്. സാമ്രാജ്യത്വം അടിമകളാക്കി വെച്ചിരിക്കുന്ന ജനസഞ്ചയങ്ങളുടെ അഭയവും പ്രതീക്ഷയുമായി മാറിയ ഏണസ്റ്റോ ചെ ഗുവേരയെന്ന വിപ്ലവകാരി ബൊളീവിയൻ കാടുകളിൽ രക്തസാക്ഷിയായിട്ട് 59 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. അര നൂറ്റാണ്ടിനിപ്പുറവും ലോകത്തെ മനുഷ്യരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ചെ ഗുവേര.

തോക്കെടുത്ത് പോരാടിയ ഒരു ഗറില്ലാ നേതാവ് എന്നതിലുപരി, മനുഷ്യ സ്നേഹത്തിന്റെയും വിപ്ലവദാഹത്തിന്റെയും പ്രതീകമായിട്ടാണ് ലോകം ചെ യെ ഓർക്കുന്നത്. സുഖലോലുപതകൾ ബോധപൂർവം ഉപേക്ഷിച്ച്, തൻ്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് ലോകത്തിന്റെ കോണുകളിലേക്ക് നീതിക്കുവേണ്ടി പോരാടാൻ ഇറങ്ങിത്തിരിച്ച ആ ആഗോള വിപ്ലവകാരിയുടെ രക്തസാക്ഷിത്വ ദിനത്തിൽ, അദ്ദേഹത്തിന്റെ ജീവിതവും രാഷ്ട്രീയ പരിണാമവും വർത്തമാനകാലത്തെ പ്രസക്തിയും ഗൗരവമായി നാം ചർച്ച ചെയ്യേണ്ടതുണ്ട്.

1928 ജൂൺ 14ന് അർജന്റീനയിലെ റോസാരിയോയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് ഏണസ്റ്റോ ജനിച്ചത്. വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കി നല്ലൊരു ഡോക്ടറാകാൻ ആഗ്രഹിച്ച അദ്ദേഹത്തിന്റെ ജീവിതം വഴിതിരിഞ്ഞു പോയത് ലാറ്റിൻ അമേരിക്കയിലുടനീളം അദ്ദേഹം നടത്തിയ മോട്ടോർസൈക്കിൾ യാത്രകളിലൂടെയാണ്. ലോകത്തിൻ്റെ പലയിടങ്ങളിൽ പലവിധമുള്ള മനുഷ്യർ ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന അനേകം കാഴ്ചകൾ ചെ കണ്ടു. ലോകത്തെ എല്ലാ ചൂഷകരും പുലർത്തുന്ന പൊതുവായ മനോഭാവങ്ങൾ അദ്ദേഹം അനുഭവിച്ചറിഞ്ഞു. സാമ്രാജ്യത്വം ഭരണകൂടങ്ങളെ വാഴിക്കുന്നതും വീഴ്ത്തുന്നതും അദ്ദേഹം നേരിട്ട് കണ്ടു.

അർജൻ്റീനയിലെയും നിക്വരാഗ്വയിലെയും ഗ്വാട്ടിമാലയിലെയും ജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതമായ നിസ്സഹായാവസ്ഥകൾ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തി. താൻ കണ്ട മനുഷ്യർ അനുഭവിച്ച കടുത്ത ദാരിദ്ര്യം, ചൂഷണം, രോഗങ്ങൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കുത്തകവൽക്കരണം എന്നിവ അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. ഇന്നലെ വരെ താൻ കണ്ട ലോകം മിഥ്യയുടേതാണെന്നും സത്യം മറ്റൊന്നാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യരെ ബാധിച്ചിരിക്കുന്ന ഈ രോഗാവസ്ഥ വൈദ്യശാസ്ത്രത്തിലെ ഔഷധങ്ങൾ കൊണ്ട് മാത്രം മാറ്റാനാവില്ലെന്നും, അതിന് വ്യവസ്ഥാപരമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

അർജൻ്റീനയുടെ അരക്ഷിതാവസ്ഥയിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ചാണ് ചെ മെക്സിക്കോയിൽ എത്തിച്ചേർന്നത്. അവിടെ വെച്ചാണ് ചെ ഫിദൽ കാസ്ട്രോയെന്ന പോരാളിയെ കണ്ട് മുട്ടുന്നത്. ആ കണ്ട് മുട്ടൽ ഒരു ചരിത്രമായി മാറി. ലോകത്തെ മാറ്റി മറിച്ച രണ്ട് വിപ്ലവകാരികൾക്ക് മെക്സിക്കോ സമാഗമമൊരുക്കുകയായിരുന്നു. ഫിദൽ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചയാണ് ചെഗുവേരയുടെ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവായത്. ക്യൂബൻ ജനതയുടെ മോചനത്തിനായി ആയുധമെടുത്ത് പോരാടാനുള്ള പദ്ധതികളൊരുക്കുകയായിരുന്നു ഫിദൽ കാസ്ട്രോ. ലാറ്റിനമേരിക്കയുടെ മോചനം ആയുധമേന്തിയ വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ചെഗുവേരക്ക് ബോധ്യമായി. നീതിയിൽ ഉറച്ചുവിശ്വസിച്ച ചെ, ഫിദലിൻ്റെ സേനയുടെ കമാൻ്ററായി മാറി. അങ്ങനെയാണ് അർജന്റീനക്കാരനായ ഒരു ഭിഷഗ്വരൻ അയാൾ മുമ്പൊരിക്കലും സങ്കല്പിച്ചിട്ട് പോലുമില്ലാത്ത ഒരു പോരാട്ടത്തിൻ്റെ നായകനാകുകയും ക്യൂബൻ വിപ്ലവത്തിന്റെ മുൻനിര പോരാളിയാകുകയും ചെയ്തത്.

1959ലെ ക്യൂബൻ വിപ്ലവ വിജയത്തിൽ ചെഗുവേര വഹിച്ച പങ്ക് തുല്യതയില്ലാത്തതാണ്. ഫുൽജെൻസിയോ ബാറ്റിസ്റ്റയുടെ ഭരണകൂടത്തിനെതിരെയുള്ള സിയറ മാസ്ട്രയിലെ ഗറില്ലാ യുദ്ധങ്ങളിൽ ചെ നേതൃപരമായ പങ്ക് വഹിച്ചു. വിപ്ലവ വിജയത്തിന് ശേഷം ക്യൂബൻ നാഷണൽ ബാങ്കിന്റെ പ്രസിഡന്റായും വ്യവസായ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. ​എന്നാൽ അധികാര കസേരകളോടും പദവികളോടും ഒരിക്കലും അദ്ദേഹം ആസക്തി കാണിച്ചില്ല. സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും മാതൃകകളെ സ്വന്തം നിലയിൽ വിമർശിക്കാനും, വിപ്ലവകരമായ ധാർമികത ഉയർത്തിപ്പിടിക്കാനും അദ്ദേഹം തയ്യാറായി. കമ്മ്യൂണിസത്തിന് ഭൗതിക സമ്പത്ത് മാത്രമല്ല, പുതിയ മനുഷ്യനെയും ആവശ്യമുണ്ട് എന്ന് അദ്ദേഹം വാദിച്ചു. അധികാരം ഉപേക്ഷിച്ച് വീണ്ടും ആഫ്രിക്കയിലെ കോംഗോയിലേക്കും പിന്നീട് ബൊളീവിയയിലേക്കും വിപ്ലവകാരിയായി അദ്ദേഹം യാത്ര തിരിച്ചത് ഈ ആശയപരമായ ദൃഢതയുടെ തെളിവാണ്.

ലോകം ഇന്നും ഒരു പോരാട്ട ഭൂമിയാണ്. ആയുധങ്ങൾ കൊണ്ടും ആശയപരമായ അധീശത്വം കൊണ്ടും സാമ്രാജ്യത്വം ഇന്നും യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയാണ്. ലോകത്തെ അനേകമിടങ്ങളിലെ മനുഷ്യർ ഇന്നും സാമ്രാജ്യത്വത്തിൻ്റെ നുകങ്ങളും ചുമന്നാണ് ജീവിക്കുന്നത്. മനുഷ്യ ജീവിതത്തെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്ന ആഗോളവൽക്കരണത്തിന്റെയും നവലിബറൽ സാമ്പത്തിക നയങ്ങളുടെയും കാലത്ത് ചെഗുവേര ഉയർത്തിയ ആശയങ്ങളുടെ പ്രസക്തി പതിന്മടങ്ങ് വർദ്ധിക്കുകയാണ്. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടവും ഇന്നത്തെ ലോകവും തമ്മിൽ വലിയ സാദൃശ്യങ്ങളുണ്ട്.

ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും അമേരിക്കൻ സാമ്രാജ്യത്വവും കുത്തക കമ്പനികളും നടപ്പിലാക്കിയ ചൂഷണ നയങ്ങളുടെ മറ്റൊരു രൂപമാണ് ഇന്നത്തെ കോർപ്പറേറ്റ് ആഗോളവൽക്കരണം. രാജ്യങ്ങളുടെയും ജനങ്ങളുടെയും സ്വതന്ത്രാധികാരങ്ങൾക്ക് മേൽ കടന്ന് കയറാൻ വെമ്പൽ പൂണ്ട് നിൽക്കുകയാണ് സാമ്രാജ്യത്വത്തിൻ്റെ കഴുകൻ കണ്ണുകൾ. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും

​ ലോകത്തിന്റെ പല ഭാഗങ്ങളിലും അസമത്വം വർദ്ധിച്ചു വരികയും ചെയ്യുന്ന ഈ കാലത്ത്, ലോകത്തിന്റെ ഏത് കോണിൽ അന്യായം നടന്നാലും അത് എന്റേയും കൂടി പ്രശ്നമായി കാണണം എന്ന ചെഗുവേരയുടെ വചനം ലോകത്ത് നടക്കുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും പ്രതിരോധങ്ങളുടെയും ആവേശമായി മാറുകയാണ്.

1967 ഒക്ടോബർ 9ന് ബൊളീവിയൻ കാടുകളിൽ വെച്ച് അമേരിക്കൻ സിഐഎയുടെ പിന്തുണയോടെ ചെഗുവേര വധിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് 39 വയസ്സ് മാത്രമാണുണ്ടായിരുന്നത്. തോക്കിൻ മുനയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങളെയും ആത്മാവിനെയും കൊല്ലാൻ ആർക്കും കഴിഞ്ഞിട്ടില്ല. അതിൻ്റെ തെളിവാണ് ലോകത്തെ വിപ്ലവ ബോധമുള്ള യുവാക്കളും പ്രക്ഷോഭകാരികളും ഉയർത്തിപ്പിടിക്കുന്ന ചെഗുവേരയുടെ മുഖം പതിഞ്ഞ ചെങ്കൊടി.

​ചുവന്ന കൊടികളിൽ പതിഞ്ഞ ആ മുഖം ഇന്നും ചൂഷിതരായ ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ സ്വപ്നമാണ് ചെഗുവേര. സമത്വസുന്ദരമായ ഒരു ലോകത്തിനായി പോരാടി സ്വയം എരിഞ്ഞടങ്ങിയ ആ വിപ്ലവകാരിയുടെ ഓർമ്മകൾ ലോകമുള്ളിടത്തോളം കാലം ജീവിക്കും. കാരണം, ചെഗുവേര എന്നത് ഒരു വ്യക്തിയല്ല, അത് അനീതിക്കെതിരെ പൊരുതുന്ന മനുഷ്യരുടെ അഞ്ചലമായ മനസ്സാക്ഷിയുടെ പേരാണ്. ലാഭക്കൊതിക്കും ഉപഭോഗ സംസ്കാരത്തിനും എതിരായി, വിപ്ലവകരമായ മാനവികത ഉയർത്തിപ്പിടിച്ച ചെ ഗുവേരയുടെ ജീവിതം ലോകമെമ്പാടുമുള്ള സമരസേനാനികൾക്ക് എക്കാലത്തും ഊർജ്ജം നൽകിക്കൊണ്ടിരിക്കുകയാണ്.

The article commemorates Che Guevara as the ultimate symbol of the global fight against injustice. It traces his transformative journey from a young medical doctor to a legendary revolutionary, profoundly changed by the poverty and capitalist exploitation he witnessed during his motorcycle tours across Latin America. After playing a pivotal role in the Cuban Revolution alongside Fidel Castro, Che rejected comfortable positions of power, choosing instead to continue his armed struggle against imperialism in the Congo and Bolivia. The author notes that 59 years after his martyrdom, Che's revolutionary humanism and fight for equality remain deeply relevant in today's era of corporate globalization and neoliberalism.