തമിഴ് സിനിമയെ നഗരകേന്ദ്രങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയ, ഒരു പുതിയ സിനിമാഭാഷ സൃഷ്ടിച്ച സംവിധായകനാരെന്ന് ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ- പി. ഭാരതിരാജ. സ്റ്റുഡിയോ സെറ്റുകളിൽ ഒതുങ്ങിയിരുന്ന തമിഴ് ഗ്രാമീണ സൗന്ദര്യം, ഭാരതിരാജയുടെ കാലത്താണ് ക്യാൻവാസുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നത്. താൻ പിച്ച വെച്ച, കളിച്ചുനടന്ന ഗ്രാമങ്ങളിലേക്ക് ഭാരതിരാജ ക്യാമറ കൊണ്ടുപോയി. പൊടിപിടിച്ച വഴികൾ, വയലുകൾ, ഗ്രാമീണ ഭാഷ, സാധാരണ മനുഷ്യർ എന്നിവയെ കേന്ദ്രമാക്കി സിനിമകൾ ഒരുക്കി.
തേനിയോർമകൾ...
സ്വന്തം ഗ്രാമീണ വേരുകളെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെയേ ഭാരതിരാജ സംസാരിച്ചിട്ടുള്ളൂ. മണ്ണിന്റെ മണവും മനുഷ്യരുടെ വികാരങ്ങളും സിനിമയിലൂടെ പറയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഫലമോ, തമിഴ് ഗ്രാമീണഭംഗി ഇന്ത്യയും കടന്നൊഴുകി.
ഭാരതിരാജ ജനിച്ചത് തേനി ജില്ലയിലെ അല്ലിനഗരം എന്ന ഗ്രാമത്തിലാണ്. തേനിയുടെ ഗ്രാമീണ ജീവിതം, കൃഷി, വയലുകൾ, മലനിരകൾ, നാട്ടിൻപുറ ഭാഷ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രചോദനം.
"ഞാൻ സിനിമയിൽ കാണിച്ച ഗ്രാമങ്ങൾ എന്റെ ജീവിതത്തിൽനിന്ന് വന്നവയാണ്," എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 16 വയതിനിലെ, കിഴക്കേ പോകും റെയിൽ, മൺ വാസനൈ തുടങ്ങിയ സിനിമകളിലെ ഗ്രാമീണദൃശ്യങ്ങൾക്കു തേനിമേഖലയിലെ പ്രകൃതിയും ജനജീവിതവും വലിയ പ്രചോദനമായിരുന്നു.
എവിടെയായിരുന്നാലും "തേനി മണ്ണിന്റെ മകൻ" എന്നാണ് ഭാരതിരാജ സ്വയം വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും തേനി, മണ്ണ്, കൃഷി, ഗ്രാമം എന്നീ വാക്കുകൾ പതിവായി കേൾക്കാം. തമിഴ് സിനിമയിൽ തേനി ജില്ലയെ ഒരു "സിനിമാറ്റിക് ലാൻഡ്സ്കേപ്പ്" ആക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം.
അവസരങ്ങൾ നേടി, നൽകി..
പുതിയ അഭിനേതാക്കളെ കണ്ടെത്തുന്നതിൽ പ്രത്യേക താല്പര്യമുണ്ടായിരുന്നു ഭാരതിരാജയ്ക്ക്. രാധിക, രേവതി, കാർത്തിക്, രാധ തുടങ്ങി നിരവധി താരങ്ങൾ ഭാരതിരാജയിലൂടെ വെള്ളിത്തിരയിലെത്തി. തമിഴ് സിനിമയിൽ ഒരു കാലത്ത് "ഭാരതിരാജ ക്യാമ്പ്" എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. അത്രയധികം കഴിവുറ്റ താരങ്ങളെയാണ് അദ്ദേഹം സിനിമാലോകത്തിന് സംഭാവന ചെയ്തത്. ഭാരതിരാജയുടെ സിനിമകളിൽ നിന്ന് വന്ന നിരവധി സാങ്കേതിക പ്രവർത്തകരും പിന്നീട് വലിയ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ പലരും താരങ്ങളെ സൃഷ്ടിച്ച സംവിധായകൻ എന്ന് വിശേഷിപ്പിക്കുന്നതും.
തമിഴ് ഭാഷയെയും സംസ്കാരത്തെയും നെഞ്ചോട് ചേർത്തുപിടിച്ച വ്യക്തിയാണ് ഭാരതിരാജ. തമിഴ് ഭാഷയെയും തമിഴർ അവകാശങ്ങളെയും കുറിച്ചുള്ള വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും ശക്തമായ നിലപാടുകളെടുത്തു
സിനിമയെന്ന സ്വപ്നം
സിനിമയിൽ എത്തുന്നതിന് മുമ്പ് ഭാരതിരാജ സർക്കാർ ജോലികളുൾപ്പടെ വിവിധ ജോലികൾ ചെയ്തിരുന്നു. സംവിധായകനാകണമെന്ന ആഗ്രഹത്തോടെ ചെന്നൈയിലെത്തി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചത്. 30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. കമൽഹാസൻ, ശ്രീദേവി, രജിനികാന്ത് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച, ഗ്രാമീണതയെ അതിന്റെ തനത് ഭംഗി ചോരാതെ അവതരിപ്പിച്ച ഈ ചിത്രം തമിഴ് സിനിമയിലും ഭാരതിരാജയുടെ ജീവിതത്തിലും വലിയ മാറ്റത്തിന് തുടക്കമിട്ടു.
സെന്തമിഴ് എൻ സ്വന്തം...
തമിഴ് ഭാഷയെയും സംസ്കാരത്തെയും നെഞ്ചോട് ചേർത്തുപിടിച്ച വ്യക്തിയാണ് ഭാരതിരാജ. തമിഴ് ഭാഷയെയും തമിഴർ അവകാശങ്ങളെയും കുറിച്ചുള്ള വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും ശക്തമായ നിലപാടുകളെടുത്തു. കാവേരി ജലവിഷയം, തമിഴ് സംസ്കാരം, ശ്രീലങ്കൻ തമിഴർ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പരസ്യ പ്രതികരണങ്ങൾ ഏറെ ശ്രദ്ധേയവുമായി.
ഭാരതിരാജയെ പലപ്പോഴും തമിഴ് ദേശീയവാദ ചിന്താഗതിയുള്ള കലാകാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴരുടെ സംസ്കാരവും ഭാഷയും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട്. തമിഴ്നാടിന്റെ അവകാശങ്ങൾ, ഭാഷാ നയം, ശ്രീലങ്കൻ തമിഴർ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും കേന്ദ്ര സർക്കാരിനെയും ദേശീയ പാർട്ടികളെയും വിമർശിച്ചിട്ടുണ്ട്. രാഷ്ട്രീയ തടവുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും മോചനത്തിനായി പൊതുവേദികളിൽ സംസാരിക്കുകയും ചെയ്തു.
തമിഴ് ഭാഷയ്ക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന ആശങ്കയും അദ്ദേഹം പല അഭിമുഖങ്ങളിലും പ്രകടിപ്പിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയോ ഭരണാധികാരിയോ ആകേണ്ടത് തമിഴ് മണ്ണിൽ ജനിച്ച ഒരാളായിരിക്കണമെന്ന അഭിപ്രായവും അദ്ദേഹം പലതവണ പങ്കുവച്ചിട്ടുണ്ട്. ഈ നിലപാട് നടൻ രജിനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന ചർച്ചകൾക്കിടയിലും അദ്ദേഹം ഉന്നയിച്ചിരുന്നു.
നടൻ, സംവിധായകൻ... അവാർഡുകളുടെ തിളക്കം
സംവിധായകനെന്നതിലുപരി അഭിനേതാവായും ശ്രദ്ധ നേടിയിട്ടുണ്ട് ഭാരതിരാജ. നിരവധി തമിഴ് ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ഏറ്റവുമൊടുവിൽ മോഹൻലാലിന്റെ 'തുടരും' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.
ഭാരതിരാജയ്ക്ക് മകനുമായി വളരെ അടുത്ത ബന്ധമായിരുന്നുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മകന്റെ അകാലവിയോഗം അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചു. മനോജിന്റെ മരണശേഷം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഭാരതിരാജ വികാരാധീനനായിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംവിധായകരിൽ ഒരാൾ കൂടിയാണ് ഭാരതിരാജ. ആറുതവണ ദേശീയ പുരസ്കാരവും മൂന്ന് തവണ തമിഴ്നാട് ചലച്ചിത്ര പുരസ്കാരവും നേടി. 2004ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
മകനൊപ്പം ഒടുവിൽ...
2025ൽ മകൻ മനോജിന്റെ അപ്രതീക്ഷതമരണം ഭാരതിരാജയെ ഏറെ തളർത്തിയിരുന്നു. ഇതുമൂലം മാനസികമായും വലിയ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ഒപ്പം ശാരീരികാസ്വസ്ഥതകളും കടുത്തതോടെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മനോജിനെ സിനിമയിലേക്കു കൊണ്ടുവരാൻ ഭാരതിരാജ ഏറെ ആഗ്രഹിച്ചിരുന്നു. 1999ൽ പുറത്തിറങ്ങിയ താജ്മഹൽ എന്ന ചിത്രത്തിലൂടെ നായകനായി മനോജ് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ട എന്നല്ലാതെ, അച്ഛനെ പോലെ വലിയ താരപദവി നേടാൻ മകനായില്ല. എന്നാൽ പിന്നീട് സംവിധായകനായും നിർമാണമേഖലകളിലും അദ്ദേഹം സജീവമായി.
2025 മാർച്ചിലാണ് മനോജ് അപ്രതീക്ഷിതമായി അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അന്ന് 48 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം.. ഇത് സിനിമാലോകത്തിനും വലിയ ഞെട്ടലായി.
ഭാരതിരാജയ്ക്ക് മകനുമായി വളരെ അടുത്ത ബന്ധമായിരുന്നുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മകന്റെ അകാലവിയോഗം അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചു. മനോജിന്റെ മരണശേഷം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഭാരതിരാജ വികാരാധീനനായിരുന്നു.
സിനിമയിലെ വലിയ തിരിച്ചടികളെ പോലും ധൈര്യത്തോടെ നേരിട്ട ഭാരതിരാജയെ ഏറ്റവും കൂടുതൽ തളർത്തിയ സംഭവവും മകൻ മനോജിന്റെ മരണം തന്നെയാവണം. അദ്ദേഹത്തിന്റെ അവസാനനാളുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ദുഃഖം ഒഴിവാക്കാനാവാത്ത ഒരു അധ്യായമായാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
English Summary: If there is one filmmaker who transformed Tamil cinema from urban settings to the heart of rural life and created a new cinematic language, it is P. Bharathiraja. The rustic beauty of Tamil villages, once confined to studio sets, truly came alive and flourished during Bharathiraja's era. He took his camera to the very villages where he grew up and spent his childhood, crafting films centered on dusty roads, lush fields, rural dialects, and ordinary people.
The sudden death of his son, Manoj, in 2024 had deeply affected Bharathiraja. He had been struggling emotionally ever since, while worsening health issues further took a toll on him. Although he was admitted to hospital a few days ago as his condition deteriorated, his death was confirmed this morning.