ലോകത്തിന്റെ സാമ്പത്തിക സ്പന്ദനങ്ങളെയും ആഗോള ഓഹരി വിപണികളെയും തന്റെ വാക്കുകൾ കൊണ്ട് വിറപ്പിക്കുകയും ശാന്തമാക്കുകയും ചെയ്ത സാമ്പത്തിക ഇതിഹാസം അലൻ ഗ്രീൻസ്പാൻ വിടവാങ്ങുമ്പോൾ, ചരിത്രം അടയാളപ്പെടുത്തുന്നത് ഒരു അസാധാരണ ജീവിതത്തെയാണ്. 100-ാം വയസ്സിൽ അദ്ദേഹം ഓർമയാകുമ്പോൾ, ഒരു പ്രൊഫഷണൽ ജാസ് സംഗീതജ്ഞനാകാൻ ആഗ്രഹിച്ച് ഒടുവിൽ ലോകത്തിലെ ഏറ്റവും ശക്തമായ സെൻട്രൽ ബാങ്കിന്റെ തലപ്പത്ത് 18 വർഷക്കാലം വാണരുളിയ അദ്ദേഹത്തിന്റെ ജീവിതവഴിത്താരയും കടുത്ത സാമ്പത്തിക വിവാദങ്ങളും വീണ്ടും ചർച്ചയാവുകയാണ്.
1926 മാർച്ച് ആറിനു ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ജനിച്ച ഗ്രീൻസ്പാന് ചെറുപ്പത്തിൽ കണക്കുകളേക്കാൾ പ്രണയം സംഗീതത്തോടായിരുന്നു. പ്രശസ്തമായ ജൂലിയാർഡ് സ്കൂളിൽ സാക്സോഫോണും ക്ലാരനെറ്റും പഠിച്ച അദ്ദേഹം, 'ഹെൻറി ജെറോം ഓർക്കസ്ട്ര' എന്ന പ്രശസ്തമായ ജാസ് ബാൻഡിൽ അംഗമായി രാജ്യം മുഴുവൻ സഞ്ചരിച്ച് സംഗീതപരിപാടികൾ അവതരിപ്പിച്ചു. എന്നാൽ, ബാൻഡിലെ സഹപ്രവർത്തകർ വിശ്രമവേളകളിൽ വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ ഗ്രീൻസ്പാൻ ബിസിനസ് പുസ്തകങ്ങളും കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകളും വായിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയത്. സംഗീതത്തേക്കാൾ തന്റെ തലച്ചോറിന് ഇണങ്ങുന്നതു കണക്കുകളുടെ ലോകമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ബാൻഡ് വിടുകയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഉയർന്ന ബിരുദങ്ങൾ നേടുകയും ചെയ്തു.
സാമ്പത്തിക ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ മൂർച്ചയേറിയ വിശകലനങ്ങൾ 1987-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ശ്രദ്ധയിലെത്തുകയും അദ്ദേഹത്തെ ഫെഡറൽ റിസർവിന്റെ ചെയർമാനായി നിയമിക്കുകയും ചെയ്തു. അവിടെ നിന്നങ്ങോട്ട് റീഗൻ, ജോർജ് എച്ച് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു ബുഷ് എന്നീ നാല് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള യു എസ് പ്രസിഡന്റുമാർക്കു കീഴിൽ കസേര ഉറപ്പിച്ചു നിർത്താൻ ഗ്രീൻസ്പാന് കഴിഞ്ഞു. തന്റെ നയങ്ങളും പ്രസ്താവനകളും വിപണിയിൽ പെട്ടെന്ന് ചലനങ്ങൾ ഉണ്ടാക്കാതിരിക്കാൻ മനഃപൂർവം അവ്യക്തത നിറഞ്ഞ വാക്കുകളിലൂടെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ ശൈലി സാമ്പത്തിക ലോകത്ത് "Greenspeak" (ഗ്രീൻസ്പീക്ക്) എന്ന പേരിൽ പ്രശസ്തമായി.
ചുമതലയേറ്റ ഉടൻ നേരിട്ട 1987-ലെ 'ബ്ലാക്ക് മൺഡേ' ഓഹരി വിപണി തകർച്ചയെ വിപണിയിലേക്കു പണമൊഴുക്കി (Liquidity) അദ്ദേഹം നേരിട്ട രീതി ഗ്രീൻസ്പാനെ വിപണിയുടെ രക്ഷകനാക്കി മാറ്റി. 1996-ൽ ടെക്നോളജി ഓഹരികളുടെ കുതിച്ചുചാട്ടത്തെ Irrational Exuberance"(അകാരണമായ അമിതാവേശം) എന്ന് വിശേഷിപ്പിച്ച് ഒരൊറ്റ വാക്കുകൊണ്ട് ആഗോള വിപണികളെ തിരുത്തിയ അദ്ദേഹം 1990-കളിലെ അമേരിക്കയുടെ സുവർണ സാമ്പത്തിക വളർച്ചയുടെ ശില്പിയായി വാഴ്ത്തപ്പെട്ടു. വിപണിയിൽ എന്ത് തകർച്ചയുണ്ടായാലും ഗ്രീൻസ്പാൻ പലിശനിരക്ക് കുറച്ച് രക്ഷിക്കുമെന്ന നിക്ഷേപകരുടെ അമിത ആത്മവിശ്വാസം "Greenspan Put" എന്ന പുതിയൊരു സാമ്പത്തിക സിദ്ധാന്തത്തിനു തന്നെ ജന്മം നൽകി.
എന്നാൽ, ഇതേ നേട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങൾക്കും കരിനിഴൽ വീഴ്ത്തിയ വിമർശനങ്ങൾക്കും വഴിവെച്ചത്. 2001-ലെ ഡോട്ട്-കോം ബബിൾ തകർച്ചയ്ക്കും 9/11 ഭീകരാക്രമണത്തിനും ശേഷം വിപണിയെ ഉണർത്താനായി ഗ്രീൻസ്പാൻ പലിശനിരക്കുകൾ വൻതോതിൽ (1% വരെ) വെട്ടിക്കുറച്ചു. ഈ നടപടി വായ്പകൾ അമിതമായി എളുപ്പമാക്കുകയും അമേരിക്കൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ അനിയന്ത്രിതമായ ഒരു 'ഹൗസിങ് ബബിൾ' സൃഷ്ടിക്കുകയും ചെയ്തു. ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും സ്വയം നിയന്ത്രണത്തിന് (Self-regulation) ശേഷിയുണ്ടെന്ന അദ്ദേഹത്തിന്റെ കടുത്ത സ്വതന്ത്ര വിപണി വാദവും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നയങ്ങളും ഒടുവിൽ ചെന്നെത്തിയത് 2008-ലെ വൻ ആഗോള സാമ്പത്തിക പ്രതിസന്ധിയിലാണ് (Global Financial Crisis).
ഈ തകർച്ചയ്ക്കുശേഷം യു എസ് കോൺഗ്രസിനു മുന്നിൽ ഹാജരായ ഗ്രീൻസ്പാന്, സ്വതന്ത്ര വിപണിയെക്കുറിച്ചുള്ള തന്റെ ആശയങ്ങളിൽ വലിയൊരു പാളിച്ച പറ്റിപ്പോയെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നു. ഇത് അദ്ദേഹത്തിന്റെ അതുവരെയുള്ള 'മാസ്ട്രോ' വിദഗ്ദ്ധൻ) എന്ന പ്രതിച്ഛായയ്ക്കു വലിയ മങ്ങലേൽപ്പിച്ചു. സ്തുതികളും കടുത്ത വിവാദങ്ങളും ഒരുപോലെ നിറഞ്ഞതായിരുന്നു ഗ്രീൻസ്പാന്റെ ജീവിതമെങ്കിലും ജാസ് സംഗീതത്തിന്റെ താളത്തിൽനിന്ന് ലോക സമ്പദ്‌വ്യവസ്ഥയുടെ താളം നിയന്ത്രിച്ച മറ്റൊരു വ്യക്തിത്വം സാമ്പത്തിക ചരിത്രത്തിൽ ഉണ്ടാകില്ലെന്നതു തർക്കമില്ലാത്ത വസ്തുതയാണ്.
The death of legendary economist Alan Greenspan at the age of 100 marks the end of an extraordinary chapter in global economic history. Known for his ability to influence financial markets with his words and policies, Greenspan served as the chairman of the U.S. Federal Reserve for 18 years, becoming one of the most influential central bankers of the modern era