കേരളത്തിലെ പ്രമുഖ ആത്മീയ ചിന്തകനും, എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് തന്റെ 87 ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ കേരള നവോത്ഥാനത്തിലെ വലിയ ഒരേടാണ് പര്യവസാനിക്കുന്നത്. നാരായണ ഗുരുവിന്റെ ഗുരുശിഷ്യ പരമ്പരയിലെ ശ്രദ്ധേയനായ സന്യാസിയായിരുന്നു മുനി നാരായണ പ്രസാദ്. ജീവിതം മുഴുവന്‍ മനുഷ്യന്റെ ആത്മീയ ഉണര്‍വ്വിനും, സമൂഹത്തിന്റെ ധാര്‍മിക വളര്‍ച്ചയ്ക്കുമായി സമര്‍പ്പിച്ച വ്യക്തിത്വം. മതങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ഏകത്വത്തിലാണ് മുനി ഊന്നല്‍ നല്‍കിയത്. ജാതി, മത, വര്‍ഗ വിവേചനങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ആത്മീയതയെ ജീവിതാനുഭവമായി കാണണമെന്നും, ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ദർശനം.
1938 ഡിസംബര്‍ 9 ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് നഗരൂരിലാണ് മുനിയുടെ ജനനം. ബാല്യകാലം മുതലേ തത്വചിന്തയിലും ഭാഷാപഠനത്തിലും അദ്ദേഹം വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനീയറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, തത്വചിന്തകളും സന്യാസ ജീവിതവും ചെലുത്തിയ സ്വാധീനത്തിനൊടുവില്‍ 1968ല്‍ ജോലിയില്‍നിന്ന് രാജിവെച്ചു.
സന്യാസത്തിലേക്കുള്ള പാത
നാരായണ ഗുരുവിന്റെ ആശയങ്ങളോടും ദര്‍ശനങ്ങളോടും തോന്നിയ അഭിനിവേശമാണ് മുനി നാരായണ പ്രസാദിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ഗുരുവിന്റെ സന്ദേശം അദ്ദേഹത്തിന്റെ ചിന്തകളുടെ അടിത്തറയായി. 1970 ല്‍ ആത്മീയ പഠനത്തില്‍ കൂടുതല്‍ ആഴം നേടുന്നതിനായി നടരാജ ഗുരുവിന്റെ ശിക്ഷണത്തില്‍ നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നു. ആത്മീയജീവിതത്തിലേക്ക് മുഴുവനായി പ്രവേശിച്ച അദ്ദേഹം തുടര്‍ന്ന് സന്യാസം സ്വീകരിച്ചു. 1999ല്‍ നാരായണ ഗുരുകുലത്തിലെ മുഖ്യ ഗുരുവായി അദ്ദേഹം മാറി. അതിനെത്തുടര്‍ന്ന് 'മുനി' എന്ന ബിരുദവും നാരായണ പ്രസാദിന് ലഭിച്ചു. ഈ ഘട്ടങ്ങളില്‍ ആത്മാന്വേഷണങ്ങള്‍ക്കും, സമൂഹത്തിലെ ആത്മീയ സേവനങ്ങള്‍ക്കുമാണ് അദ്ദേഹം ഊന്നല്‍ കൊടുത്തത്.
നാരായണ ഗുരു ഫൗണ്ടേഷന്‍
നാരായണ ഗുരുവിന്റെ ആശയങ്ങളെ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് നാരായണ ഗുരു ഫൗണ്ടേഷന്‍ എന്ന ആത്മീയ-ബൗദ്ധിക കേന്ദ്രം തുടങ്ങുന്നത്. തത്വചിന്ത, ഉപനിഷത്തുകള്‍, ഗുരുദര്‍ശനം എന്നിവയില്‍ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്ത് പ്രഭാഷണം നടത്തി.
സാഹിത്യ സംഭാവനകള്‍
സാഹിത്യ സൃഷ്ടികളും മുനിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി 130 ഓളം പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. നൂറിലധികം സൃഷ്ടികള്‍ മലയാളത്തിലും മുപ്പതിലധികം സൃഷ്ടികള്‍ ഇംഗ്ലീഷിലും രചിച്ചു. 2015 ല്‍ 'സൗന്ദര്യ ലഹരി' എന്ന വിവര്‍ത്തനത്തിന് മികച്ച വിവര്‍ത്തന രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2024 ല്‍ സംസ്ഥാനം പദ്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു.
English Summary: Muni Narayana Prasad, a prominent spiritual thinker, writer, and disciple of Narayana Guru, passed away at the age of 87. He dedicated his life to promoting spiritual awareness, social equality, and the universal message of oneness beyond caste and religion.