പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കോട്ടയം എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത് പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച് തിരുവഞ്ചൂര്‍ ഇനി കേരള നിയമസഭയെ നിയന്ത്രിക്കും. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തോറ്റുകൊണ്ട് തുടങ്ങിയ തിരുവഞ്ചൂര്‍ പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനാല്ലാത്ത നേതാവായി വളരുകയായിരുന്നു.
1991ല്‍ അടൂരില്‍നിന്നു കന്നിവിജയം. 1996, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചു. 2011 ല്‍ കോട്ടയത്തേക്ക് തിരിച്ചെത്തിയ തിരുവഞ്ചൂര്‍ വിജയം തുടര്‍ന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു. കോട്ടയം മണ്ഡലത്തില്‍നിന്നായിരുന്നു തിരുവഞ്ചൂരിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം. കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ 1987 ലെ കോട്ടയം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജനം തിരുവഞ്ചൂരിനെ കൈവിട്ടിട്ടില്ല.
2004ല്‍ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചു. 2011-ല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. രജിസ്‌ട്രേഷന്‍, ഗതാഗതം തുടങ്ങിയ വകുപ്പുകളും തിരുവഞ്ചൂര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു
ബാലജന സഖ്യത്തില്‍ തുടങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന-സംഘടന പ്രവര്‍ത്തനങ്ങളിലൂടെയാണ് തിരുവഞ്ചൂര്‍ പൊതുരംഗത്ത് സജീവമായത്. കോട്ടയത്തെ എം.ടി സെമിനാരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജില്‍നിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി. കോണ്‍ഗ്രസ് സഹയാത്രികനായി കേരളത്തിലെ സംഘടനാ തലത്തില്‍ പധാന നേതാവായി വളര്‍ച്ച. ഇതിനിടെ 1976 മുതല്‍ കോട്ടയം ബാറില്‍ അഭിഭാഷകനായും പരിശീലനം നടത്തിയിരുന്നു. നിയമപരമായ വിഷയങ്ങളിലെ അറിവും സഭയിലെ വാഗ്മിത്വം കൊണ്ടും തിരുവഞ്ചൂര്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കി. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള നേതാവ് കുടിയാണ് തിരുവഞ്ചൂര്‍.
വിവിധ കാലഘട്ടങ്ങളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2004ല്‍ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിരുന്നു. 2011-ല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. രജിസ്‌ട്രേഷന്‍, ഗതാഗതം തുടങ്ങിയ വകുപ്പുകളും തിരുവഞ്ചൂര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു.
ശാന്തമായ സംസാരശൈലി, നിയമപരമായ വിഷയങ്ങളില്‍ വ്യക്തത, ശക്തമായ പ്രസംഗങ്ങള്‍, നിലപാടുകളിലെ കണിശത, മുഖം നോക്കാതെയുള്ള നടപടികള്‍ തിരുവഞ്ചൂരിന്റെ രാഷ്ട്രീയ ഇമേജ് വ്യക്തമാക്കാന്‍ ഇത്രയും വിശേഷണങ്ങള്‍ തന്നെ ധാരാളമായിരുന്നു. ടി പി ചന്ദ്ര ശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ തിരുവഞ്ചൂര്‍ സ്വീകരിച്ച നിലപാടായിരുന്നു കുറ്റവാളികളിലേക്ക് അന്വേഷണം അതിവേഗം എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളം ദേശീയ ഗെയിംസിന് വേദിയായപ്പോള്‍ കായിക മന്ത്രി ആയിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്ന് തിരുവഞ്ചൂരിന്റെ സംഘാടന മികവ് ദേശീയ തലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റി.
ആദ്യമായി നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ ഏറെ ആകര്‍ഷിച്ചത് സ്പീക്കറുടെ റോള്‍ ആയിരുന്നുവെന്ന് പല തവണ തിരുവഞ്ചൂര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിനിപ്പുറം പതിനാറാം കേരള നിയമസഭയുടെ നാഥനാകാനുള്ള നിയോഗമാണ് തിരുവഞ്ചൂരിനെ തേടിയെത്തുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്ററി രാഷ്ടീയത്തിലെ അദ്ദേഹത്തിന്റെ പരിചയം സഭയെ നിയന്ത്രിക്കുന്നതില്‍ മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
English Summery: Thiruvanchoor Radhakrishnan has begun a new political chapter after being elected as the Speaker of the 16th Kerala Legislative Assembly. A senior Congress leader and MLA from Kottayam, he entered public life through student politics and gradually rose to become one of Kerala’s most influential political figures. Although his political journey started with electoral defeat, Thiruvanchoor later established himself as an experienced and irreplaceable leader in Kerala politics. As Speaker, he will now oversee the proceedings of the Kerala Assembly with his long years of political and administrative experience.