Movie Reviews

ഈ തിരിച്ചുവരവിന് 100 മാർക്ക്!; 'അനോമി' റിവ്യു

പതിവ് ഹാസ്യവേഷങ്ങളിൽ നിന്ന് മാറി, തന്റെ കരിയറിലെ തൊണ്ണൂറാം ചിത്രത്തെ അതിഗംഭീരമാക്കിയിരിക്കുകയാണ് ഭാവന.

Anusha Andrews

വ്യത്യസ്തമായ കഥപറച്ചിലിലൂടെ, പതിവ് ത്രില്ലർ ചിത്രങ്ങളുടെ ശൈലികളിൽ നിന്ന് മാറി നിൽക്കുന്ന ചിത്രമാണ് നവാഗതനായ റിയാസ് മാരത്ത് സംവിധാനം ചെയ്ത 'അനോമി'. മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവനയും, റഹ്മാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സയൻസ് ഫിക്ഷന്റെ സാധ്യതകളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അന്താരാഷ്ട്ര ചിത്രങ്ങളിൽ മാത്രം കാണാറുള്ള 'ഹൈ-കൺസെപ്റ്റ്' ‌ആശയങ്ങളെ കുറ്റാന്വേഷണ പശ്ചാത്തലത്തിൽ കേരളത്തിലും പരീക്ഷിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് 'അനോമി'യിലൂടെ റിയാസ് മാരത്ത് നടത്തിയിരിക്കുന്നത്. ട്രെയിലറിൽ സൂചിപ്പിച്ചിരുന്നത് പോലെ 'തിരിച്ചുവരവ്' എന്ന് എടുത്തു പറയാവുന്ന തരത്തിൽ മികവുറ്റ പ്രകടനമായിരുന്നു ഭാവനയുടേത്

മലയാള സിനിമ കണ്ടു ശീലിച്ച പരമ്പരാഗത ത്രില്ലർ സിനിമകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് 'അനോമി'യുടെ പ്രമേയം. 'ദ ഇക്വേഷൻ ഓഫ് ഡെത്ത്' (മരണത്തിന്റെ സമവാക്യം) എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഫോറൻസിക് ഉദ്യോഗസ്ഥയായ സേറയും, പോലീസ് കഥാപാത്രമായ ജിബ്രാനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നഗരത്തിൽ അരങ്ങേറുന്ന മൂന്ന് ആത്മഹത്യകളാണ് ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം. ഇക്കൂട്ടത്തിൽ സാറയുടെ അനിയനായ സിയാനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത് മുതൽ, അതിന് പിന്നിലെ സത്യമറിയാൻ അവൾ ഇറങ്ങിത്തിരിക്കുന്നു. പതിവ് കുറ്റാന്വേഷണ സിനിമകളിലേത് പോലെ കുറ്റവാളിയുടെ ഉദ്ദേശങ്ങൾ ക്ലൈമാക്സിലാണ് വെളിപ്പെടുന്നതെങ്കിലും, പ്രേക്ഷകർ മനസിലുറപ്പിക്കുന്ന കാരണങ്ങളേയും സാധ്യതകളേയും ചിത്രം പിന്തള്ളുന്നത് കാണാം. അന്വേഷണം, യുവാക്കളെ കൊല്ലുന്ന വലിയൊരു സൈക്കോപാത്തിലേക്കോ മാഫിയയിലേക്കോ ആണ് വിരൽ ചൂണ്ടുന്നത്.

പതിവ് ഹാസ്യവേഷങ്ങളിൽ നിന്ന് മാറി, തന്റെ കരിയറിലെ തൊണ്ണൂറാം ചിത്രത്തെ അതിഗംഭീരമാക്കിയിരിക്കുകയാണ് ഭാവന. വൈകാരികതയും ബുദ്ധിശക്തിയും ഒത്തുചേർന്ന സാറ എന്ന കഥാപാത്രത്തെ ഭാവന അത്യന്തം പക്വതയോടെ അവതരിപ്പിച്ചു. സാറയാണ് തിരക്കഥയുടെ കേന്ദ്രബിന്ദു. സാറയ്ക്കുണ്ടാവുന്ന സംശയങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. സഹോദരനോടുള്ള സ്നേഹവും, അവന്റെ വേർപാടിൽ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങളും, അതിനിടയിൽ കുറ്റാന്വേഷിയുടെ പ്രൊഫഷണലിസവും ഭാവന വളരെ അതിഭാവുകത്വമില്ലാതെ തിരശ്ശീലയിൽ ഫലിപ്പിച്ചെടുത്തു. ചിത്രത്തിൽ അഭിനയത്തിന് പുറമേ പ്രൊഡക്ഷനിലും ഭാവന ഭാഗമാണ്. ഭാവനയുടേത് പോലെ തന്നെ എടുത്ത് പറയേണ്ടതാണ് എ സി പി ജിബ്രാൻ എന്ന കഥാപാത്രമായി എത്തിയ റഹ്മാന്റെ പ്രകടനം. വലിയ ഇടവേളയ്ക്ക് ശേഷം റഹ്മാനും തന്റെ മികച്ച പ്രകടനത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയെന്ന് പറയാം. ജീവിത്തിലെ കറുത്ത അദ്ധ്യായങ്ങളെ മറന്ന് കരിയർ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ജിബ്രാൻ ചിത്രത്തിന് 'സ്റ്റെബിലിറ്റി' നൽകുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, റഹ്മാന്റെ ആക്ഷൻ രംഗങ്ങളിലെ സ്ക്രീൻ പ്രസൻസ് ശ്രദ്ധേയമാണ്.

മനസ്സിന്റെ സമനില തെറ്റിയ അവസ്ഥയെ ഒട്ടും അതിശയോക്തിയില്ലാതെ, വളരെ മിതത്വത്തോടെ അവതരിപ്പിച്ച ഷെബിൻ ബെൻസൺ ആണ് എടുത്തു പറയേണ്ട മറ്റൊരു താരം. അതുപോലെ സൈക്കോസിസിന്റെ സങ്കീർണ്ണമായ പല അവസ്ഥാന്തരങ്ങളെയും കാണിച്ച് പ്രേക്ഷകനെ ഭയപ്പെടുത്താൻ, തന്റെ പ്രകടനത്തിലൂടെ വിഷ്ണു അഗസ്ത്യയ്ക്കും സാധിച്ചു. സുമിത്ത് നവലും ഇക്കൂട്ടത്തിലെ മികച്ച നടനാണ്. അതുപോലെ അർജുൻ ലാൽ, ദൃശ്യാ രഖുനാഥ്‌, ബിനു പപ്പു തുടങ്ങിയവരും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് ചിത്രത്തിന് നൽകിയത്.

ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളുടെ സ്വാധീനം റിയാസ് മാരത്തിന്റെ സംവിധാനത്തിൽ പ്രകടമാണ്. ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളുടെ സ്വാധീനവും സംവിധാനത്തിൽ കണ്ടെത്തിയവരുണ്ട്. മാത്രമല്ല, നായികാ കേന്ദ്രീകൃതമായ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ മലയാളത്തിൽ സമീപ കാലത്തായി അധികം വന്നിട്ടില്ല. സയൻസിന്റെ സാധ്യതകളെ ചിത്രം മനോഹരമായി ഉപയോ​​ഗപ്പെടുത്തിയിട്ടുണ്ട്. ഒരോ കഥാപാത്രത്തിനും കൃത്യമായ കഥയും പശ്ചാത്തലവും നൽകികൊണ്ട് അവരുടെ ഓരോ ചെയ്തികളെയും, ശൈലികളേയും, അതിന്റെ പരിണിതഫലങ്ങളെയും സിനിമ ഏറ്റവും മികച്ച രീതിയിലാണ് അടയാളപ്പെടുത്തുന്നത്.

സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഏറെ അഭിനന്ദനം അർഹിക്കുന്നു. 'അർജുൻ റെഡ്ഡി' (2017), 'അനിമൽ' (2023) എന്നീ സന്ദീപ് റെഡ്ഡി വംഗ ചിത്രങ്ങളിലെ ആവേശകരമായ സംഗീത സംവിധാനത്തിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. കാണികളെ ഭയപ്പെടുത്തുന്ന, മരവിപ്പിക്കുന്ന, ആകാംശയുടെ മുൾമുനയിൽ നിർത്തുന്ന, സം​ഗീത സംവിധാനമാണ് ഹർഷവർധൻ 'അനോമി'ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സഹോദരന്റെ മരണം അന്വേഷിക്കുന്ന സഹോദരിയുടെ ഉള്ളിലെ വൈകാരിക ഭാവങ്ങളെ അടിവരയിടുന്ന സം​ഗീതം 'അനോമി'യുടെ കേന്ദ്ര പ്രമേയത്തെ ഉൾക്കൊള്ളുന്നു.

സുജിത് സാരംഗിന്റെ ഛായാ​ഗ്രഹണവും, കിരൺദാസിന്റെ എഡിറ്റിങ്ങും 'അനോമി'ക്ക് മുതൽക്കൂട്ടായിട്ടുണ്ട്. സിനിമയുടെ നിഗൂഢമായ അന്തരീക്ഷത്തിന് ചേരുന്ന തരത്തിൽ, സസ്പെൻസ് നിറഞ്ഞ, ദുരൂഹത നിറഞ്ഞ മൂഡ് കൃത്യമായി നൽകാൻ ഛായാ​ഗ്രഹകനായി. ഏഴ് ഷെഡ്യൂളുകളിലായി 100ൽ അധികം ദിവസം ചിത്രീകരിച്ച 'അനോമി'യുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്. ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിങ് നിർവഹിച്ചത്. ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.

English Summary: 'Anom​ie', directed by debutant Riyas Marath, stands out with its unique storytelling and sci-fi elements.